ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി കട്ടപ്പുറത്ത് തന്നെ
ഇരിങ്ങാലക്കുട: തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം മാസങ്ങള്‍ പിന്നിട്ടിട്ടും കട്ടപ്പുറത്ത് തന്നെ. പൂതംക്കുളം ഷോപ്പിംഗ് കോംപ്ലക്സിന് അടുത്ത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ മോചനമാണ് ഇപ്പോഴും നീളുന്നത്. ഇരുപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് രണ്ടു നിലകളിലായി വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചായക്കടയും സ്ത്രീകള്‍ക്കായി മൂന്ന് ടോയ്ലറ്റുകളും ബാത്ത്റൂമും മുകളില്‍ പുരുഷന്മാര്ക്കായി നാലു ടോയ്ലറ്റുകളും വിശ്രമമുറിയുമാണ് കെട്ടിടത്തില്‍ ഉളളത്. ഒരു വര്‍ഷത്തെ വാടകയായി പത്തുലക്ഷം രൂപ നഗരസഭ ഭരണ സമിതി തീരുമാനിച്ചതായിരുന്നു ആദ്യ പ്രതിസന്ധി. തുടര്‍ച്ചയായി ടെൻഡര്‍ വിളിച്ചിട്ടും ഏറ്റെടുക്കാന്‍ ആരും എത്തിയില്ല. കെട്ടിടത്തിന്റെ പ്രവര്‍ത്തനത്തിന് വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വാടക തുക എഴര ലക്ഷം ആയി കുറച്ചപ്പോള്‍ പദ്ധതി ഏറ്റെടുക്കാന്‍ നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരന്റെ ബന്ധു തയ്യാറായിട്ടുണ്ട്. വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ ടാങ്കുകള്‍ സ്ഥാപിക്കാനും കുഴല്ക്കിണറിനുമായി നാലര ലക്ഷം രൂപ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ അയ്യായിരം ലിറ്ററിന്റെ ഒരു ടാങ്ക് താഴത്തും ആയിരം ലിറ്ററിന്റെ രണ്ട് ടാങ്കുകള്‍ അടുത്തുള്ള കെട്ടിടത്തിന്റെ മുകളിലും സ്ഥാപിച്ച് കഴിഞ്ഞതായും നഗരസഭ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കുഴല്‍ക്കിണറിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ലേലം വിളിച്ച വ്യക്തി തുടര്‍നടപടികളിലേക്ക് കടന്നിട്ടുമില്ല. നടപടികള്‍ പൂര്‍ത്തീകരിച്ച് മൂന്നാഴ്ചക്കുള്ളില്‍ പദ്ധതി ആരംഭിക്കുമെന്നാണ് നഗരസഭ അധികൃതര്‍ ഇപ്പോള്‍ സൂചിപ്പിക്കുന്നത്. ലേലം വിളിച്ച ടെൻഡര്‍ തുക കുറയ്ക്കാന്‍ ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചതായും സൂചനയുണ്ട്. ഇതിനിടയില്‍ സംസ്ഥാനത്തെ ടേക്ക് എ ബ്രേക്ക് പദ്ധതികള്‍ കുടുംബശ്രീയെ എല്പിക്കാനുള്ള തീരുമാനം തദ്ദേശ വകുപ്പ് മന്ത്രി തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.