മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി കാത്ത് സാനിറ്ററി നാപ്കിന് വേസ്റ്റ് നിര്‍മാര്‍ജന പദ്ധതി
ഇരിങ്ങാലക്കുട: നഗരസഭ നിര്‍മാണം പൂര്‍ത്തിയാക്കിയ സാനിറ്ററി നാപ്കിന് വേസ്റ്റ് നിര്‍മാര്‍ജന പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വൈകുന്നു. 20 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ട്രെഞ്ചിംഗ് ഗ്രൗണ്ടിലാണ് ഇന്‍സിനറേറ്റര്‍ ഒരുക്കിയിരിക്കുന്നത്. സാനിറ്ററി നാപ്കിന് മാലിന്യം വലിയ തലവേദനയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നഗരസഭയില്‍ നടപ്പിലാക്കിയത്. ഇതിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍, പദ്ധതിയുടെ പ്രവര്‍ത്തനാനുമതിക്കായി അപേക്ഷ സമര്‍പ്പിച്ച് മൂന്നു മാസം പിന്നിട്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. പദ്ധതി തുടങ്ങിയാല്‍ നാപ്കിന് പാഡുകള്‍ റോഡുകളിലേക്ക് വലിച്ചെറിയുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാകും. മാലിന്യ സംസ്കരണത്തിന് ഒട്ടേറെ പദ്ധതികള്‍ ഇതിനോടകം ഇരിങ്ങാലക്കുട നഗരസഭ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭ അജൈവ മാലിന്യ ശേഖരണത്തിനായി എംസിഎഫ് സെന്റര്‍, ആര്‍ആര്‍എഫ്. സെന്റര്‍, ഷെഡ്രിങ് യൂണിറ്റ്, ബൈയിലീംഗ് യൂണിറ്റ് എന്നിവയും ജൈവമാലിന്യ സംസ്കരണത്തിനായി ആരംഭിച്ച ആധുനിക വിന്‍ഡ്രോ എയ്റോബിക് കമ്പോസ്റ്റിംഗ് പ്ലാന്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭാപരിധിയിലെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ജൈവമാലിന്യം ശേഖരിച്ച് വളമാക്കുന്ന പദ്ധതിയാണ് ഇത്. ദിനംപ്രതി മൂന്നുമുതല്‍ നാലു ടണ്‍വരെ ജൈവമാലിന്യം സംസ്കരിക്കാന്‍ ഈ പ്ലാന്റിന് സാധിക്കുന്നുണ്ട്. ഇവിടെനിന്ന് കുറഞ്ഞ വിലയില്‍ വളവും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഹരിത കര്‍മസേന, കുടുംബശ്രീയുടെ ക്ലീന്ശ്രീ എന്നിവ വഴിയുമാണ് കടകളില്‍നിന്നും വീടുകളില്‍നിന്നും മാലിന്യം ശേഖരിക്കുന്നത്.