മണിപ്പുര്‍ കലാപം: പുല്ലൂരില്‍ പ്രതിഷേധ മഹാസംഗമം
പുല്ലൂര്‍: മണിപ്പുരില്‍ നിന്നും പുറത്തു വരുന്ന കൊടുംക്രൂരതയുടെ വിവരങ്ങള്‍ ലോക മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണെന്നു ചാലക്കുടി സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ജോളി വടക്കന്‍ പറഞ്ഞു. മണിപ്പുരില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് പുല്ലൂരില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതികളെ റോഡിലൂടെ നഗ്നരായി വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയിട്ടുപോലും ഭരണകര്‍ത്താക്കളുടെ മൗനം പേടിപെടുത്തുന്നതാണ്. രണ്ടു മാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെയാണ് ലോകം നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അവിട്ടത്തൂര്‍ പള്ളി വികാരി ഫാ. ഡേവിസ് അമ്പൂക്കന് അധ്യക്ഷത വഹിച്ചു. സിഎല്‍സി മുന്‍ ദേശീയ വൈസ് പ്രസിഡന്റ് എം.എ. ജോണ്സണ്, പുല്ലൂര്‍ പള്ളി വികാരി ഫാ. ജോയ് വട്ടോലി, ഊരകം പള്ളി വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, തുറവന്‍കുന്നു പള്ളി വികാരി ഫാ. ഷാജു ചിറയത്ത് എന്നിവര്‍ പ്രസംഗിച്ചു. പുല്ലൂര്‍, അവിട്ടത്തൂര്‍, ഊരകം, തുറവന്‍കുന്ന് പള്ളികളിലെ ആയിരകണക്കിന് വിശ്വാസികള്‍ നാലു ദിക്കില്‍ നിന്നും പ്രതിഷേധ റാലിയായിട്ടാണ് സംഗമത്തില്‍ പങ്കെടുക്കുന്നതിന് പുല്ലൂര്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നത്. ജെയിംസ് അക്കരക്കാരന്‍, കൈക്കാരന്മാരായ സുനില്‍ ചെരടായി, ജോബി ജോര്‍ജ്, ജോണ്സണ് ചെതലന്‍, ജോജി പട്ടത്ത്, ജോസഫ് തോമസ് പട്ടത്ത്, ജോജി പോള്‍ കോക്കാട്ട്, പി.പി. ജോണ്സണ്, കെ.കെ. ജോണ്സണ്, ടി.ഐ. ജോര്‍ജ്, ലിജോ മൂഞ്ഞേലി, വിന്‍സന്‍ കാഞ്ഞിരപ്പറമ്പില്‍, ആന്റോ മല്പ്പാന്, തോമസ് ചെമ്പോട്ടി എന്നിവര്‍ നേതൃത്വം നല്കി.