മാലിന്യ സംസ്കരണം; കാറളത്തും കാട്ടൂരിലും വിജിലന്‍സ് പരിശോധന
ഇരിങ്ങാലക്കുട: കാറളം, കാട്ടൂര്‍ പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിജിലന്‍സ് സ്ക്വാഡ് പരിശോധനനടത്തി. പരിശോധനയില്‍ കാറളം പഞ്ചായത്തില്‍ മാലിന്യം അലക്ഷ്യമായി കൈകാര്യംചെയ്ത സ്ഥാപനങ്ങളില്‍നിന്ന് പിഴയീടാക്കി. വിജിലന്‍സ് സ്ക്വാഡ് കണ്‍വീനറായ കാറളം പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. ഉമേഷിന്റെ നേതൃത്വത്തില്‍ ടി.ബി. ഐശ്വര്യ, ചിന്താ സുഭാഷ്, റഷീദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കാട്ടൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളില്‍ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട വിജിലന്‍സ് സ്ക്വാഡ് മിന്നല്‍പ്പരിശോധന നടത്തി. വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഹെല്‍ത്ത് കാര്‍ഡില്ലാത്ത തൊഴിലാളികള്‍ പണിയെടുക്കുന്ന മൂന്നു ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി.
സ്ക്വാഡ് കണ്‍വീനര്‍ കെ.എം. ഉമേഷ് പരിശോധനയ്ക്ക് നേതൃത്വംനല്കി. സി.എം. അനൂപ്, എം.ജെ. ഇന്ദു തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. പരിശോധന കര്‍ശനമാക്കുമെന്ന് കാട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന് അറിയിച്ചു.