കെഎല്‍ഡിസി കനാലില്‍ ചണ്ടി നീരാഴുക്ക് തടസപ്പെടുത്തുന്നു,സമീപ പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യത
മാപ്രാണം: മുരിയാട് കായലില്‍ മാടായിക്കോണം ചാത്തന്മാസ്റ്റര് റോഡില്‍ കെഎല്‍ഡിസി കനാലിനു കുറുകെയുള്ള പാലത്തിനടിയില്‍ ചണ്ടിയും പുല്ലും ഒഴുകി വന്ന് സ്ലൂയിസ് ക്രോസ് ബാറില്‍ തടഞ്ഞു നില്ക്കുന്നതിനാല് നീരൊഴുക്ക് വലിയതോതില്‍ തടസപ്പെട്ടിരിക്കുകയാണ്. തൊമ്മാനയില്‍ നിന്നും ആരംഭിക്കുന്ന കെഎല്‍ഡിസി കനാല്‍ കോന്തിപുലം തോടില്‍ വന്നു ചേരുന്ന ഭാഗത്താണു നീരൊഴുക്ക് തടസപ്പെട്ടിരിക്കുന്നത്. കെഎല്‍ഡിസി കനാലില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന കുളവാഴകളും ചണ്ടിയും നീക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. നീരൊഴുക്ക് തടസ്സപ്പെട്ടതിനാല്‍ താഴ്ന്ന പാടശേഖരങ്ങളിലെ വെള്ളക്കെട്ട് തുടരുകയാണ്.
മുരിയാട് കൃഷിഭവനു കീഴിലുള്ള പോട്ടുപാടം പാടശേഖരത്തില്‍ 10 ഏക്കറോളം സ്ഥലത്താണ് ഒരടിയോളം ഉയരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്. മഴ നീങ്ങിയെങ്കിലും വെള്ളക്കെട്ട് നീങ്ങാത്തതിനാല്‍ ഞാറുനട്ടതെല്ലാം ചീഞ്ഞുപോകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഞാറുനട്ട സ്ഥലങ്ങളിലും ഞാറിനായി വിത്തുപാകിയ നിലങ്ങളിലുമെല്ലാം വെള്ളക്കെട്ടാണ്. ഹരിതശ്രീ പാടശേഖരത്തില്‍ കൃഷിയിറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും വെള്ളം ഇറങ്ങിപ്പോകാത്തതിനാല്‍ കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അധികജലം തൊമ്മാനയില്‍ നിന്നും തുടങ്ങുന്ന കെഎല്‍ഡിസി കനാല്‍ വഴിയാണു കരുവന്നൂര്‍ പുഴയിലേക്കു എത്തിച്ചേരുന്നത്. പ്രളയം രൂക്ഷമായി ബാധിക്കാത്ത കാലത്തും ഈ പ്രദേശത്ത് വെള്ളം പൊങ്ങുകയും ആനുരുളി, മുരിയാട് റോഡ്, നമ്പ്യങ്കാവ് ആനന്ദപുരം ബണ്ട് റോഡ്, ചാത്തന് മാസ്റ്റര്‍ റോഡ് എന്നിവ വെള്ളത്തിനടിയിലാകാറുമുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ നീരൊഴുക്ക് തടസപ്പെട്ടിട്ടുള്ളതിനാല് ഇരിങ്ങാലക്കുട നഗരസഭയിലെ ഏഴ്, എട്ട്, ഒമ്പത്, 10, 11, 13 എന്നീ വാര്‍ഡുകളിലെയും മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം, മുരിയാട്, പുല്ലൂര്‍, ആനുരുളി, തുറവന്‍കുന്ന് എന്നീ പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനിടയുണ്ട്. പാലത്തിനടിയില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന ചണ്ടിയും കുളവാഴകളും നീക്കിയാല്‍ മാത്രമേ കനാലിലെ വെള്ളത്തിന്റെ നീരൊഴുക്ക് സുഗമമാകൂ. ചണ്ടി നീക്കണമെന്ന് ഇറിഗേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് കര്‍ഷകര്‍ കുറ്റപെടുത്തി.