മുന്‍ ചീഫ് സെക്രട്ടറിയുടെ ഭാര്യാപിതാവിനു നല്കിയ ‘അദാലത്ത് പെര്മിറ്റി’ നു സ്റ്റേ
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു മുന്നിലെ കെട്ടിടത്തിനുള്ള പെര്‍മിറ്റാണ് വിവാദമായത്
ഇരിങ്ങാലക്കുട: മുന്‍ ചീഫ് സെക്രട്ടറിയുടെ ഭാര്യാ പിതാവ് നടത്തുന്ന അനധികൃത നിര്‍മാണത്തിനു മന്ത്രി അദാലത്തിലൂടെ നല്കിയ പെര്‍മിറ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു മുന്നിലുള്ള കെട്ടിട നിര്‍മാണത്തിനാണു സ്റ്റേ. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഭാര്യാപിതാവ് ഡേവിസ് പുല്ലോക്കാരന്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് താത്കാലികമായി സ്റ്റേ ചെയ്തത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിര്‍മാണത്തിനാണ് അദാലത്തിലൂടെ പെര്‍മിറ്റ് പുതുക്കി നല്‍കിയത്. ഇതു സ്വജനപക്ഷപാതവും അഴിമതിയുമാണെന്നു ആരോപിച്ച് ബാബു ജോസഫ് പുത്തനങ്ങാടി നല്കിയ പരാതിയിലാണു നടപടി. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു മുന്നില്‍ 3,373.17 മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിക്കാന്‍ 2003 ല്‍ സ്പെഷല്‍ റസിഡന്‍സ് പെര്‍മിറ്റ് നേടിയതായിരുന്നു.
ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്നു ലഭിച്ച പെര്‍മിറ്റ് മൂന്നു തവണ പുതുക്കിയെങ്കിലും 2012 ല്‍ കാലാവധി അവസാനിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയില്ല. എന്നാല്‍ ഈ കെട്ടിടത്തില്‍ ജ്വല്ലറി അടക്കം പതിനഞ്ചു വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു ബാബു ജോസഫ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 12 നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ അധ്യക്ഷതയിലുള്ള സ്പെഷല്‍ കമ്മിറ്റി പെര്‍മിറ്റ് പുതുക്കാന്‍ തീരുമാനിച്ചത്. എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി, നഗരകാര്യ ഡയറക്ടര്‍, തൃശൂര്‍ ജില്ലാ ടൗണ്‍ പ്ലാനര്‍, ഇരിങ്ങാലക്കുട നഗരസഭാ സെക്രട്ടറി, ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന് ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അദാലത്തിന്റെ മറവില്‍ സംസ്ഥാനത്തെ ഇതര നഗരങ്ങളില്‍ അനധികൃത കെട്ടിട നിര്‍മാണത്തിന് അഞ്ചു കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതായി ബാബു ജോസഫ് ആരോപിച്ചു. തൃശൂര്‍ കോര്‍പ്പറേഷനില്‍ മാത്രം 264 കെട്ടിടങ്ങള്‍ അനധികൃത നിര്‍മാണമാണെന്നും ആരോപണമുണ്ട്.
ബാബു ജോസഫ്-9446232509, 9447134172