ഹരിത കര്‍മ്മ സേനാംഗത്തിനെതിരെ കയ്യേറ്റം; വീട്ടുടമക്കെതിരെ പോലീസ് കേസ്സെടുത്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാംഗത്തിനെ കയ്യേറ്റം ശ്രമിച്ച കേസില്‍ കരുവന്നൂര്‍ സ്വദേശിക്ക് എതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കരുവന്നൂര്‍ തേലപ്പിള്ളി കത്തനാംപറമ്പില് സത്യദേവനെതിരെയാണ് (62 ) പോലീസ് കേസെടുത്തത്. ഇയാളുടെ വീട്ടില്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ എത്തുകയും ഇതിന്റെ ഭാഗമായി മൊബൈലില്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിനിടയില്‍ പ്രതി ഓടി വന്ന് ബഹളം വച്ച് തന്റെ ഫോണ്‍ പിടിച്ച് വാങ്ങി കൈ പിടിച്ച് തിരിക്കുകയായിരുന്നുവെന്ന് അക്രമണം നേരിട്ട കരുവന്നൂര്‍ തേലപ്പിള്ളി പെരുമ്പിള്ളി വീട്ടില്‍ ട്രീസ ( 52) പറഞ്ഞു. ആറ് വര്‍ഷമായി ഹരിത സേനാംഗമായി പ്രവര്‍ത്തിക്കുന്ന തനിക്ക് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവമെന്നും പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതിനെ തുടര്‍ന്ന് പരാതി പിന്‍വലിച്ച് ഒത്ത് തീര്‍പ്പിന് വഴങ്ങുകയായിരുന്നുവെന്നും പിന്നീട് സ്റ്റേഷനില്‍ എത്തി രണ്ടാമതും മൊഴി നല്കി കേസ്സെടുപ്പിക്കുകയായിരുന്നുവെന്നും താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ട്രീസ സൂചിപ്പിച്ചു. എന്നാല്‍ കേസിന് പോകാന്‍ താല്പര്യമില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തില്‍ നടപടി സ്വീകരിക്കാതിരുന്നതെന്നും ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.