റോസി ചേച്ചിക്ക് പുതുവത്സര സമ്മാനമായി സ്നേഹഭവനം സമര്‍പ്പിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട്: മുരിയാട് ഗ്രാമ പഞ്ചായത്തിലെ അതി ദരിദ്രവിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ ഊരകം വെറ്റില മൂലയില്‍ റോസി കോങ്കോത്തിന് പുതുവത്സര സമ്മാനമായി വീട് സമര്‍പ്പിച്ചു. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 100 ദിന കര്‍മ പരിപാടിയിലാണ് താക്കാല്‍ ദാന ചടങ്ങ് നടന്നത്. ഒരു പാട് കഷ്ടതകളും ഭാരിദ്രവും അനുഭവിച്ചിരുന്ന റോസി ചേച്ചിക്ക് സുരക്ഷിത ഭവനം ഒരുക്കുന്നതിന് പഞ്ചായത്തിനൊപ്പം നാട്ടുകാരും, ഊരകം പള്ളി വികാരിയും കൈകോര്‍ത്തപ്പോള്‍ ഭവനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
പുതുവത്സര ദിനത്തില്‍ നടന്ന ചടങ്ങില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയും ഊരകം പള്ളിവികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കലും ചേര്‍ന്ന് റോസി ചേച്ചിക്കും കുടുംബത്തിനും വേണ്ടി നിര്‍മാണം പൂര്‍ത്തിയാക്കിയ സ്നേഹഭവനത്തിന്റെ താക്കോല്‍ദാന കര്‍മം നിര്‍വഹിച്ചു. ചടങ്ങില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്തംഗം സുനില്‍കുമാര്‍ എ.എസ്. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം റിജു പോട്ടോ കാരന്, ഊരകം ഡിഡിപി കോണ്‍വന്റ് മദര്‍ സി. ഹെലെന, റോസി ചേച്ചിക്ക് അഭയം നല്കിയ ഇരിങ്ങാലക്കുട ശാന്തിസദനത്തിലെ സിസ്റ്റര്‍സ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.