എസ്സിഇആര്ടി സംഘം വടക്കുംകര ഗവ. യുപി സ്കൂള്‍ സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട: തിരുവനന്തപുരത്ത് നിന്നും എസ്സിഇആര്ടി സംഘം വടക്കുംകര ഗവ. യുപി സ്കൂള്‍ സന്ദര്‍ശിച്ചു. സ്വയം പര്യാപ്ത ക്ലാസ്മുറികള് യാഥാര്‍ഥ്യമാക്കിയത് പഠിക്കാനാണ് സംഘം വിദ്യാലയം സന്ദര്‍ശിച്ചത്. വിദ്യാലയത്തിലെ അക്കാദമിക് മികവുകളും സംഘം വിലയിരുത്തി. കുട്ടികളുടെ സംയുക്ത ഡയറി, ആര്‍ട്ട് ഗ്യാലറി, ഇന്ററാക്ടീവ് ബോര്‍ഡ് അടക്കമുള്ള ഹൈടെക് ക്ലാസ് മുറികള്‍, കുട്ടികളുടെ വായന വികസിപ്പിക്കാന്‍ നടപ്പാക്കുന്ന വായനാവസന്തം പദ്ധതി, ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍, ഗണിത – ശാസ്ത്ര ലാബുകള്‍, പ്രീപ്രൈമറിയിലെ ആധുനിക കളിയിടങ്ങള്‍, അക്കാദമിക് മാസ്റ്റര്‍ പ്ലാനുകള്‍, ക്ലാസുകളിലെ ഭരണഘടന എന്നിവയെക്കുറിച്ചെല്ലാം സംഘം ചോദിച്ചും നിരീക്ഷിച്ചും വിലയിരുത്തി. എസ്സിഇആര്ടിയില് നിന്നും റിസര്‍ച്ച് ഓഫീസര്‍ ഡോ. രജ്ഞിത്ത് സുഭാഷ് ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് ടൂട്ടര്‍ ഡോ. എന്‍.എസ്. വിനിജ, ഡയറ്റ് ഫാക്കല്‍റ്റി എം.ആര്. സനോജ്, ബിആര്‍സി യുടെ ബിപിസി ഗോഡ്വിന് റോഡ്രിഗ്സ്, അജ്ഞലി, ഡോളി എന്നീ അധ്യാപകരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രധാനാധ്യാപകന് ടി.എസ്. സജീവനും അധ്യാപകരും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് കൊടുത്തു. സംഘത്തിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് സീമാറ്റ് കേരളയുടെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ നടന്ന പ്രവര്‍ത്തനം തൊട്ടടുത്ത ദിവസം ഡോക്കുമെന്റ് ചെയ്യും.