ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോയിൽ പൂര്‍വ വിദ്യാര്‍ഥിസംഗമം
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1995 ബാച്ചിലെ സഹപാഠികള്‍ 27 വര്‍ഷങ്ങള്‍ക്കുശേഷം കൊച്ചി മറൈന്‍ ഡ്രൈവിലെ ക്രൂയിസില്‍ സംഗമം നടത്തി. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ഡോണ്‍ ബോസ്കോ സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഫാ. വര്‍ഗീസ് തണ്ണിപ്പാറ മുഖ്യാതിഥിയായി. പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഫാ. വര്‍ഗീസ് തണ്ണിപ്പാറക്കുള്ള വിദ്യാര്‍ഥികളുടെ ആദരവ് കൂടിയായിരുന്നു സാഗരസംഗമസന്ധ്യ. സംഗമത്തില്‍ പങ്കെടുത്ത അന്‍പതിലധികം പഴയ വിദ്യാര്‍ഥികളില്‍ ഏറെപ്പേരും എല്‍കെജി മുതൽ പത്താംക്ലാസ് വരെ ഡോണ്‍ ബോസ്കോയില്‍ പഠിച്ചവരാണ്. അവരെ നാലാം ക്ലാസ് വരെ പഠിപ്പിച്ച അധ്യാപകര്‍, യുപി സ്കൂളിലെയും ഹൈസ്കൂളിലെയും അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍, കായികാധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ എന്നിവരടക്കം നൂറ്റിയമ്പത്തോളം ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.
പൂര്‍വ വിദ്യാര്‍ഥിയായ നെല്‍സണ്‍ ജോസഫ് വരച്ച ഫാ. തണ്ണിപ്പാറയുടെ ഛായാചിത്രം ചടങ്ങില്‍ വച്ച് അനാച്ഛാദനം ചെയ്തു. ഡിജെ പാര്‍ട്ടിയും രാത്രിഭക്ഷണവും ഒരുക്കിയിരുന്നു. കലാപരിപാടികളും അരങ്ങേറി. എല്ലാ അധ്യാപകര്‍ക്കും പൂര്‍വ വിദ്യാര്‍ഥികള്‍ക്കും സംഗമത്തിന്റെ സ്മരണികയായി ഡിബി 95 റിട്ടേണ്‍സ് എന്ന് ആലേഖനം ചെയ്ത മെമന്റോകള്‍ സമ്മാനിച്ചു. മറൈന്‍ ഡ്രൈവിലെ സന്ധ്യയില്‍ കടല്‍ക്കാറ്റിന്റെ താളത്തില്‍ പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ ഓര്‍മകള്‍ പെയ്തിറങ്ങിയ ഈ സംഗമത്തിന് നിറ്റോ ജോസ്, പ്രവീണ്‍ എം. കുമാര്‍, അനൂപ് ജോസഫ്, സക്കറിയ ജോണ്‍, ബിബിന്‍ കെ. വിന്‍സന്റ്, അലക്സ് ജോസഫ്, കെ. ദിനേശ്, ജോണ്‍ പയസ് നിഖില്‍, റോണല്‍ സ്റ്റാന്‍ലി, ഡോ. തോമസ് രഞ്ജിത്ത്, ഷിന്റോ, ഫ്ലോയ്ഡ് തുടങ്ങിയവര്‍ നേതൃത്വം നല്കി.