മഹാത്മാഗാന്ധിയെ വിസ്മൃതിയിലേക്ക് തള്ളിവിടാനുള്ള ശ്രമത്തെ ചെറുത്തുതോല്പിക്കാന് പ്രതിജ്ഞയെടുത്ത് യുവകലാസാഹിതി സാംസ്കാരിക ജാഗ്രതായാത്ര ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: യുവകലാസാഹിതി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ജീവിക്കുന്ന രക്തസാക്ഷി എന്ന സാംസ്കാരിക ജാഗ്രതാ യാത്രക്ക് ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറില്‍ സ്വീകരണം നല്കി. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വത്സലന്‍ വാതുശേരി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പുരസ്കാര ജേതാക്കളായ കലാനിലയം രാഘവന്, എം.കെ. അനിയന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍, കലാമണ്ഡലം രാജീവ്, എം.ബി. അശ്വിന് എന്നിവരെ ആദരിച്ചു. പാടാം നമുക്ക് പാടാം എന്ന കൂട്ടായ്മയിലെ ഗായകരും ജാഥാംഗങ്ങളുള്ക്കൊള്ളുന്ന ഗായകസംഘവും അവതരിപ്പിച്ച ഗാനസന്ധ്യയും ഇന്ത്യാക്കടവ് പിഓ എന്ന നാടകവും ഉണ്ടായി. എം.സി. രമണന് തെളിയിച്ച സ്നേഹജ്വാലയുടെ വെളിച്ചത്തില്‍ ഭരണഘടനാ ആമുഖം ചൊല്ലി മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിക്കുമെന്ന് പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തു. സംസ്ഥാന ജില്ലാ നേതാക്കളായ സി.വി. പൗലോസ്, സോമന് താമരക്കുളം, ഇ.ആര്. ജോഷി, രത്നമണി, ജ്യോതിലക്ഷ്മി എന്നിവരും മണ്ഡലം നേതാക്കളായ കെ.കെ. കൃഷ്ണാനന്ദ ബാബു, അഡ്വ. രാജേഷ് തമ്പാന്, വി.എസ്. വസന്തന്, റഷീദ് കാറളം, കെ.എസ്. ഇന്ദുലേഖ, വി.പി. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.