പദ്ധതി നിര്‍വഹണത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ഈ വര്‍ഷവും പുറകില്‍ തന്നെ; ചെലവഴിച്ചത് 64.67 % മാത്രം
ഇരിങ്ങാലക്കുട: പദ്ധതി നിര്‍വഹണത്തില്‍ ഈ വര്‍ഷവും ഇരിങ്ങാലക്കുട നഗരസഭ പുറകില്‍ തന്നെ. 2023 24 സാമ്പത്തിക വര്‍ഷത്തെ തദ്ദേശസ്ഥാപനങ്ങളുടെ നിര്‍വഹണ കണക്കുകള്‍ വ്യക്തമായപ്പോള്‍ 64.67% മാത്രമാണ് ചെലവഴിക്കാന്‍ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കഴിഞ്ഞിട്ടുള്ളത്. സംസ്ഥാനത്തെ നഗരസഭകളില്‍ പദ്ധതി ചെലവില്‍ അറുപതാം സ്ഥാനത്താണ് ഇരിങ്ങാലക്കുട നഗരസഭ. മൊത്തം പതിനാറ് കോടി രൂപയോളമാണ് പദ്ധതിയിനത്തില്‍ നഗരസഭക്ക് ലഭിച്ചത്. അടുത്തുള്ള കൊടുങ്ങല്ലൂര്‍ നഗരസഭ 85.5% ചെലവഴിച്ച് സംസ്ഥാനത്ത് ആറാം സ്ഥാനത്താണ്. ചാലക്കുടി നഗരസഭ 73.25 ശതമാനമാണ് ചെലവഴിച്ചിരിക്കുന്നത്. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 84.35 ശതമാനം പദ്ധതി ഫണ്ട് ചെലവഴിച്ചിട്ടുണ്ട്. മുരിയാട് (88.92%) പടിയൂര്‍ (81%), കാട്ടൂര്‍ (87.15 %), കാറളം (89.73%), വേളൂക്കര (85.31% ), ആളൂര്‍ (78.36%) എന്നിങ്ങനെയാണ് ചെലവഴിച്ചിരിക്കുന്നത്. അതേ സമയം ട്രഷറിയില്‍ നിലവില്‍ ക്യൂവില്‍ ഉള്ള ബില്ലുകള്‍ പാസാകുന്നതോടെ ശതമാനം ഉയരുമെന്ന് തദ്ദേശസ്ഥാപന മേധാവികള്‍ വ്യക്തമാക്കുന്നുണ്ട്.