കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഭരണസമിതിയംഗങ്ങളെ പ്രതിചേര്‍ത്ത് വീണ്ടും നോട്ടീസ്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധുപ്പെട്ട് ഭരണസമിതിയംഗങ്ങളെ പ്രതിചേര്‍ത്ത് വീണ്ടും നോട്ടീസ്. ബാങ്കിന്റെ മുന്‍ ഭരണസമിതിയംഗങ്ങളായിരുന്ന 31 പേര്‍ക്കാണ് കൂടുതല്‍ കുറ്റങ്ങള്‍ ആരോപിച്ചുെകാണ്ട് സഹകരണവകുപ്പ് നോട്ടീസയച്ചിരിക്കുന്നത്. ഭരണസമിതിയംഗങ്ങളുടെ ജാഗ്രതക്കുറവ് കാരണമുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദിത്വമാണ് നോട്ടീസില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്. എന്നാല്‍, നഷ്ടത്തിന് നേരിട്ട് ഉത്തരവാദികളായ മുന്‍ ജീവനക്കാരെയോ സഹകരണവകുപ്പ് ഉദ്യോഗസ്ഥരെയോ പ്രതിചേര്‍ത്തിട്ടുമില്ല. 344 കോടിയുടെ ക്രമക്കേടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സംസ്ഥാന ക്രൈംബ്രാഞ്ചും സഹകരണവകുപ്പും നടപടി ആരംഭിച്ചതാണ്. നിക്ഷേപങ്ങളില്‍ അധികപലിശ നല്കി, ബാങ്കിന്റെ വായ്പയില്‍ അധികപലിശ നല്കി, ഡിവിഡന്റ് വിതരണത്തില്‍ ക്രമക്കേട്, ഒറ്റത്തവണ തീര്‍പ്പാക്കലില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പലിശയിളവ് നല്കി, സെക്രട്ടറിക്ക് ഗ്രേഡ് അനുവദിച്ചത്, ജംഗമവസ്തുക്കളുടെ കണക്കില്‍ വ്യത്യാസം വന്നത് തുടങ്ങിയ കുറ്റങ്ങളാണ് പുതുതായി ചുമത്തിയിരിക്കുന്നത്. ഇതില്‍ സെക്രട്ടറിക്ക് ഗ്രേഡ് അനുവദിക്കുന്ന കാര്യത്തില്‍ മാത്രമാണ് ഭരണസമിതി നേരിട്ട് ഇടപെട്ടത്. ബാക്കിയെല്ലാം സഹകരണവകുപ്പ് അറിഞ്ഞുകൊണ്ട് ബാങ്ക് ജീവനക്കാര്‍ നടത്തിയ ക്രമക്കേടുകളാണ്. 15 വര്‍ഷം മുന്‍പുവരെയുള്ള ഭരണസമതിയുടെ കാലത്തെ ക്രമക്കേടുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്കാലത്തെ സഹകരണ ഓഡിറ്റര്‍മാര്‍ക്ക് ഇത് കണ്ടെത്താന്‍ കഴിയാെത പോയതോ, കണ്ടെത്തിയിട്ട് കണ്ണടച്ചതോ ആണെന്ന് വ്യക്തമാണെങ്കിലും അവരെ കുറ്റപ്പെടുത്തിയിട്ടില്ല. ജീവനക്കാര്‍ അറിയാതെ ഈ ക്രമക്കേടുകള്‍ നടക്കില്ലെന്നുറപ്പാണെങ്കിലും ജീവനക്കാരെയും പ്രതിചേര്‍ത്തിട്ടില്ല. മറുപടി നല്‍കാനായി മുന്‍ ഭരണസമിതിയംഗങ്ങള്‍ ബാങ്കിലെ ചില രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും സഹകരണവകുപ്പ് നല്‍കുന്നില്ലെന്ന പരാതിയുമുണ്ട്. ഭരണസമിതിയംഗങ്ങളായതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് പ്രതി ചേര്ക്കപ്പെട്ടവരെല്ലാം മൂന്നുമാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. ഇവരുടെ സ്വത്തുക്കളെല്ലാം മരവിപ്പിച്ചിരിക്കുകയുമാണ്. ക്രമക്കേടിന്റെ പേരില്‍ ആറുമാസം സസ്പെന്‍ഷനിലായിരുന്ന സഹകരണവകുപ്പ് ജീവനക്കാരെല്ലാം തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.