പ്രിന്‍സിപ്പലും അധ്യാപകരും അനധ്യാപകരും ഒത്തുപിടിച്ചു, പരിസ്ഥിതി കാര്‍ണിവലിന് മുന്നോടിയായി ഓലമെടഞ്ഞ് ആവേശത്തോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്
ഇരിങ്ങാലക്കുട: ഗ്രാമീണത്തനിമയുടെ ഗൃഹാതുരമായ ചാരുതകള്‍ ഉള്‍ക്കൊണ്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഋതു പരിസ്ഥിതി ചലച്ചിത്രമേളയ്ക്കും കാര്‍ണിവലിനും തുടക്കം കുറിച്ചു. അധ്യാപക അനധ്യാപകര്‍ക്കായി കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ഓലമെടയല്‍ മത്സരത്തില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അടക്കം ഇരുപതോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. കെ.ടി. ദിവ്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദേവയാനി, ബേബി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ഓലമെടയുന്നതില്‍ വിദഗ്ധയായ കല്യാണിയമ്മ എന്ന മുത്തശ്ശി വിധികര്‍ത്താവായി എത്തി എന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയായിരുന്നു. സുസ്ഥിരവികസന പ്രക്രിയയില്‍ ഇത്തരം പ്രകൃതി വിഭവങ്ങളുടെ സാധ്യത വളരെ വലുതാണെന്ന് വകുപ്പ് മേധാവി ജോമോള്‍ തോമസ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ചലച്ചിത്ര മേളയുടെയും കാര്ണിവലിന്റെയും പ്രചാരണാര്‍ത്ഥം കോളജിലെ ബിബിഎ വിദ്യാര്‍ഥിനികള്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ നടത്തിയ ഫ്ലാഷ് മോബും ഒപ്പുശേഖരണവും ശ്രദ്ധേയമായിരുന്നു.