കെഎല്‍ഡിസി കനാലില്‍ ചണ്ടി നിറഞ്ഞു; കൃഷി വൈകുമെന്ന് ആശങ്ക
മാടായിക്കോണം:
നന്തിക്കര റോഡില്‍ കോന്തിപുലം പാലത്തിനു താഴെ ചണ്ടി വന്നടിഞ്ഞ് നീരൊഴുക്ക് നിലച്ചതോടെ കൃഷി വൈകുമെന്ന ആശങ്കയില്‍ കര്‍ഷകര്‍. പാലത്തിനു കീഴെ വലിയ തോതിലാണ് ചണ്ടി വന്നടിഞ്ഞിരിക്കുന്നത്. മുരിയാട് കോള്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ പാടശേഖരങ്ങളോടു ചേര്‍ന്നുള്ള കുളങ്ങളിലെ ചണ്ടി കനാലിലേക്ക് ഒഴുകിയെത്തി. കരുവന്നൂര്‍പ്പുഴയിലെ റെഗുലേറ്ററുകള്‍ തുറന്ന് ഒഴുക്ക് ശക്തമായതോടെയാണിത്. കോന്തിപുലത്ത് കുപ്പിക്കഴുത്തു പോലെയുള്ള ഭാഗത്താണ് ഇപ്പോള്‍ ചണ്ടി അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടിരിക്കുന്നത്.
ഇല്ലിക്കല്‍ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയതാണ് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ കാരണം. ഇപ്പോള്‍ ചണ്ടി നിറഞ്ഞതോടെ എല്ലാ ഷട്ടറുകളും തുറന്നിട്ടും മുരിയാട് കോള്മേഖലയില്നിന്ന് വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. വീണ്ടും മഴ വന്നാല്‍ പ്രദേശം വെള്ളക്കെട്ടിലാകും. മാത്രമല്ല, മുരിയാട് കോള്‍മേഖലയിലെ അയ്യായിരത്തോളം ഏക്കര്‍ പാടശേഖരങ്ങളില്‍ കൃഷി ആരംഭിക്കാന്‍ വൈകുകയും ചെയ്യും. അതിനാല്‍ അടിയന്തരമായി ചണ്ടി നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.