നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നാല് വര്‍ഷം; ഉദ്ഘാടനം കഴിഞ്ഞിട്ടും ജനകീയാരോഗ്യകേന്ദ്രം അടഞ്ഞുതന്നെ
ഇരിങ്ങാലക്കുട: നാലുവര്‍ഷമെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും അടഞ്ഞുതന്നെ. ആരോഗ്യ രംഗത്ത് ദേശീയതലത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനത്തിലെ മൂര്‍ക്കനാട് ജനകീയാരോഗ്യ കേന്ദ്രത്തിനാണ് ഈ ദുര്‍വിധി.
ഇരിങ്ങാലക്കുട നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 40, 41 വാര്‍ഡുകളിലെ മൂവായിരത്തോളം വീടുകളില്‍നിന്നായി 12,000ഓളം പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ അടക്കമുള്ള ചികിത്സകള്‍ക്ക് ആശ്രയിക്കാവുന്ന സ്ഥാപനത്തിന്റെ തറക്കല്ലിട്ടത് 2020 സെപ്റ്റംബര്‍ ആറിനാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ച് നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള 17 ലക്ഷം രൂപ ചെലവഴിച്ച് 720 ചതുര അടിയുള്ള കെട്ടിടത്തിന്റെ നിര്‍മാണത്തിനാണ് ടി.എന്‍. പ്രതാപന് എപിയായിരുന്നപ്പോള് തറക്കല്ലിട്ടത്.
തുടര്‍ന്ന് 2022 23 വര്‍ഷത്തില്‍ ടൈലുകള്‍ വിരിക്കാന്‍ മൂന്നുലക്ഷം രൂപ കൂടി അനുവദിച്ചു. മൂന്ന് വര്‍ഷം കൊണ്ടാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 2023 24 വര്‍ഷത്തില്‍ വൈദ്യുതി വത്കരണം ഉള്‍പ്പടെയുള്ള നവീകരണ പ്രവൃത്തികള്‍ക്കായി 12 ലക്ഷം കൂടി അനുവദിച്ചു. നവീകരിച്ച മൂര്‍ക്കനാട് സബ് സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് ആഗസ്റ്റ് എട്ടിനാണ്.
എന്നാല്‍, വൈദ്യുതി, ഫര്‍ണിച്ചര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കാതെയായിരുന്നു ഉദ്ഘാടനം. മൂര്‍ക്കനാട് ശിവക്ഷേത്രത്തിനടുത്തുള്ള അംഗന്‍വാടിയിലാണ് സബ് സെന്റര്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുബന്ധ നടപടികളും പൂര്‍ത്തിയാക്കാതെ നഗരസഭ അധികൃതര്‍ ഉദ്ഘാടനം നടത്തുന്ന പദ്ധതികളുടെ പട്ടികയിലാണ് മൂര്‍ക്കനാട് ആരോഗ്യ കേന്ദ്രവും ഇടം പിടിക്കുന്നത്.