ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ ജനകീയ കൂട്ടായ്മയുമായി എല്‍ഡിഎഫ്

പദ്ധതി ഫണ്ട് 60 ശതമാനം പോലും ചിലവഴിക്കുന്നില്ലെന്ന് വിമര്‍ശനം
ഇരിങ്ങാലക്കുട: യുഡിഎഫ് നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ ജനകീയ കൂട്ടായ്മയുമായി എല്‍ഡിഎഫ് മാപ്രാണം സെന്ററില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം സിപിഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭയ്ക്ക് ലഭിക്കുന്ന ഫണ്ട് 60 ശതമാനം പോലും ചിലവഴിക്കാത്ത നഗരസഭയില്‍ വികസന മുരടിപ്പും, വികസന സ്തംഭനവും തുടര്‍ക്കഥയാവുകയാണെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സിപിഐ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ആര്. രാജന് അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് ജൂലിയസ് ആന്റണി, ജനതാദള്‍ മണ്ഡലം സെക്രട്ടറി രാജു പാലത്തിങ്കല്‍, സിപിഐ മണ്ഡലം അസി. സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍, ഡോ. കെ.പി. ജോര്‍ജ്ജ്, മനുമോഹന്‍, അല്‍ഫോന്‍സ തോമസ് എന്നിവര്‍ പ്രസംഗിച്ചു. എല്‍ഡിഎഫ് പൊറത്തിശേരി മേഖലാ കണ്‍വീനര്‍ എം.ബി. രാജുമാസ്റ്റര്‍ സ്വാഗതവും, സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍ നന്ദിയും പറഞ്ഞു.