വകുപ്പുകള്‍ക്ക് പിഴച്ചു: എടതിരിഞ്ഞി വില്ലേജില്‍ ഭൂമിക്കു ഫെയര്‍വാല്യൂ നിശ്ചയിച്ചതില്‍ അപാകത
ഫെയര്‍വാല്യു രണ്ടര സെന്റിന് 20 ലക്ഷം രൂപ വരെ, തൊട്ടടുത്ത ഇരിങ്ങാലക്കുട നഗരസഭയില്‍പ്പോലും ഈ വിലയില്ല
ഇരിങ്ങാലക്കുട: ഭൂമിയുടെ ഫെയര്‍വാല്യു നിശ്ചയിച്ചപ്പോള്‍ വകുപ്പുകള്‍ക്ക് പിഴച്ചതോടെ മുകുന്ദപുരം എടതിരിഞ്ഞി വില്ലേജില്‍ ഭൂമിക്കു ഉയര്‍ന്ന നിരക്ക്. ചതുപ്പും വെള്ളക്കെട്ടുമുള്ള ഇവിടത്തെ ഭൂമിക്ക് രണ്ടര സെന്റിന് 20 ലക്ഷമാണ് ഫെയര്‍വാല്യു. തൊട്ടടുത്തുള്ള ഇരിങ്ങാലക്കുട നഗരസഭയിലുള്‍പ്പെട്ട പ്രദേശത്തുപോലും ഫെയര്‍വാല്യു ഇത്രയില്ല. ഈ പിഴവ് ഒരുത്തരവിലൂടെ തിരുത്താനാകില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
പരാതിയുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്കി തങ്ങളുടെ ഭൂമിയുടെ ഫെയര്‍വാല്യു പുനര്‍നിശ്ചയിക്കാം. 2010ല്‍ ഫെയര്‍വാല്യു നിശ്ചയിക്കപ്പെട്ട സമയത്ത് രജിസ്ട്രേഷന്, റവന്യൂ വകുപ്പുകളുടെ ശ്രദ്ധക്കുറവുകൊണ്ട് സംഭവിച്ച പിഴവുമൂലം ഭൂമി തരംമാറ്റാനോ വില്‍ക്കാനോ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്
എടതിരിഞ്ഞി നിവാസികള്‍. നിലവില്‍ ഫെയര്‍വാല്യു വളരെ ഉയര്‍ന്ന രീതിയില്‍ ആയതിനാല്‍ സാധാരണക്കാര്‍ക്കോ രോഗബാധിതരര്ക്കോ കടബാധ്യതയില്പെട്ടവര്ക്കോ ജപ്തിനടപടികള്‍ നേരിടുന്നതിനോ മക്കളുടെ വിവാഹംകാര്യങ്ങള്ക്കോ വേണ്ടി 5 സെന്റ് സ്ഥലം പോലും വില്പന നടത്തുവാന്‍ കഴിയാത്ത സ്ഥിതിയാണ്.
എടതിരിഞ്ഞി വില്ലേജ് പരിധിയില്‍പ്പെട്ട ഭൂരിഭാഗം പ്രദേശങ്ങളിലും ഭൂമിക്ക് കണക്കാക്കിയിരിക്കുന്ന ഫെയര്‍വാല്യു നഗരപ്രദേശങ്ങളിലേക്കാളും ഉയര്‍ന്നതാണ്. ഏറ്റവുമാദ്യം വെള്ളം കയറുന്നതും തോടുകളും ചാലുകളുമുള്ളതും വിപണി മൂല്യം കുറഞ്ഞതുമായ, എടതിരിഞ്ഞി വില്ലേജില്‍ ഉള്‍പ്പെട്ട കാക്കാത്തുരുത്തി പ്രദേശത്ത് രണ്ടര സെന്റിന് 20 ലക്ഷം രൂപ വരെയാണ് സര്‍ക്കാര്‍ ഫെയര്‍വാല്യു നിശ്ചയിച്ചിരിക്കുന്നത്.
ഇവിടെ സെന്റിന് ഒരു ലക്ഷത്തില്‍ത്താഴെ മാത്രമാണ് വിപണിവിലയുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. മേഖലയിലെ 70 ശതമാനം സ്ഥലങ്ങളും നിലത്തില്‍ ഉള്‍പ്പെട്ടതാണ്. ഒരു സെന്റിന്റെ പത്തു ശതമാനം വെച്ചാണ് തരംമാറ്റത്തിന് നല്‍കേണ്ടത്. ഇത് സ്ഥലവിലയെക്കാള് കൂടുതലാണ്.
കളക്ടര്‍ക്ക് അപ്പീല്‍ നല്കിയാലും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ ഏറ്റവും കുറഞ്ഞ വിലയാണ് കണക്കാക്കുന്നത്. സമീപ വില്ലേജുകളായ മനവലശേരി, പൂമംഗലം, കാട്ടൂര്‍, പടിയൂര്‍ വില്ലേജുകളിലെയും ഭൂമിയുടെ ഫെയര്വാല്യുവിനെക്കാള് ഉയര്‍ന്ന തോതിലാണ് ഇവിടെപല സ്ഥലത്തും ഫെയര്‍വാല്യു നിശ്ചയിച്ചിരിക്കുന്നതെന്നതിനാല്‍ തരംമാറ്റത്തിനും വില കുറഞ്ഞുകിട്ടുന്നില്ല.
മുകുന്ദപുരം താലൂക്കിലെ 55 വില്ലേജുകളില്‍ ഏറ്റവും ഉയര്‍ന്ന ഫെയര്‍വാല്യു എടതിരിഞ്ഞി വില്ലേജില്‍
മുകുന്ദപുരം താലൂക്കിലെ 55 വില്ലേജുകളില്‍ ഏറ്റവും ഉയര്‍ന്ന ഫെയര്‍വാല്യു ആണ് എടതിരിഞ്ഞി വില്ലേജിലുള്ളത്. എടതിരിഞ്ഞി വില്ലേജില്‍ ഉള്‍പ്പെട്ട വടക്കേ അറ്റത്തെ കാട്ടൂര്‍ തെക്കുംപാടം പാടശേഖരത്തില്‍ നിലത്തിന് 385000 രൂപയാണെങ്കില്‍ സമീപത്തെ കാട്ടൂര്‍ വില്ലേജിലെ നിലത്തിന് 3300 രൂപ മാത്രം. വില്ലേജിലെ തെക്കേ അറ്റത്തെ പറമ്പിന് 4,54,000 രൂപ.
ഇതേ പഞ്ചായത്തിലെ പടിയൂര്‍ വില്ലേജ് ആരംഭിക്കുന്ന ഭാഗത്തെ പറമ്പിന് 60,000 രൂപ മാത്രം. ഇതുമൂലം പ്രദേശത്ത് ഭൂമിവില്‍പ്പന കുത്തനെ കുറഞ്ഞു. പാടശേഖരങ്ങളുടെ കൈമാറ്റം വാക്കാല്‍ മാത്രമായി ഒതുങ്ങി. മുകുന്ദപുരം താലൂക്കിന്റെ പട്ടണ ഹൃദയമായ ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ കേവലം ഒമ്പത് ലക്ഷം രൂപ വരെ ആണ് രണ്ടര സെന്റിന് ഫെയര്‍വാല്യു. എന്നാല്‍ എടത്തിരിഞ്ഞി വില്ലേജില്‍ തോടും ചിറകളുമായി കിടക്കുന്ന കാക്കാത്തിരുത്തി പ്രദേശത്ത് ഫെയര്‍ വാല്യു രണ്ടരസെന്റിന് 19,85000 രൂപയാണ്.
പടിയൂര്‍ ുന് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ ഗോപിനാഥന് ചെയര്‍മാനായും കെ.എ സുധാകരന് സെക്രട്ടറിയായും വി.എ ബൈജു ട്രഷററായും റിട്ട. ജഡ്ജി വി.ജി അനില്‍കുമാര്‍ എക്സിക്യുട്ടീവ് അംഗമായും 25 അംഗ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. വില്ലേജ് പരിധിയിലെ പഞ്ചായത്തംഗംങ്ങളും എല്ലാ രാഷ്ട്രീയ കക്ഷിനേതാക്കളുമടക്കം ഒപ്പിട്ട നിവേദനം മന്ത്രിമാരായ കെ. രാജന്, ഡോ. ആര്. ബിന്ദു, തൃശൂര്‍ ജില്ല എഡിഎം തഹസില്‍ദാര്‍ എന്നിവര്‍ക്ക് നല്‍കിയിരുന്നു. നവകേരള സദസിലും പരാതി നല്‍കിയിരുന്നു.