161 ാമത് അയ്യങ്കാളി ജയന്തി ആഘോഷം കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍. സുരന് ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍: ദുര്‍ബല ജനവിഭാഗങ്ങളോടുള്ള അനീതികളും അസമത്വങ്ങളും തുടരുന്ന ഈ കാലഘട്ടത്തില്‍ കുടമണി കെട്ടിയ വില്ലുവണ്ടികള്‍ ഇനിയും പായേണ്ടതുണ്ടെന്ന് കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍. സുരന് പറഞ്ഞു. മുരിയാട് യൂണിയന് കമ്മിറ്റി പുല്ലൂര്‍ സെന്ററില്‍ സംഘടിപ്പിച്ച 161ാംമത് അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളാണ് സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് അടിത്തറയായി മാറിയതെന്ന ചരിത്രത്തെ ഭരണാധികാരികള്‍ ബോധപൂര്‍വ്വം മറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ മരണപ്പെട്ട മുഴുവന്‍ മനുഷ്യരുടെയും വേര്‍പാടില്‍ യൂണിയന് അസിസ്റ്റന്റ് സെക്രട്ടറി മണികണ്ഠന് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിയന് പ്രസിഡന്റ് സന്തോഷ് കെ.കെ. അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി പി.കെ. കുട്ടന് ഖജാന്‍ജി വി.എ. അഭിലാഷ്, എ.വി. വിജു, എം.സി. സിജോ, അശ്വതി സുബിന് തുടങ്ങിയവര്‍ സംസാരിച്ചു.