ബൈജു കുറ്റിക്കാടന്‍ ഇരിങ്ങാലക്കട നഗരസഭ വൈസ് ചെയര്മാന്
ബിജെപി തെരഞ്ഞടുപ്പ് ബഹിഷ്കരിച്ചു
ഇരിങ്ങാലക്കുട: നഗരസഭ വൈസ് ചെയര്‍മാനായി ഭരണകക്ഷിയംഗവും ആറാം വാര്‍ഡ് കൗണ്‍സിലറുമായ ബൈജു കുറ്റിക്കാടനെ തെരഞ്ഞെടുത്തു. ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ പ്രകാരം 30ാംം വാര്‍ഡ് കൗണ്‍സിലര്‍ ടി.വി ചാര്‍ളി വൈസ് ചെയര്മാന് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണു തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ബൈജു കുറ്റിക്കാടന്റെ പേര് ടി.വി ചാര്‍ളി നിര്‍ദേശിക്കുകയും പി.ടി.ജോര്‍ജ് പിന്താങ്ങുകയും ചെയ്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ യിലെ അല്‍ഫോണ്‍സാ തോമസിന്റെ പേര് അഡ്വ. കെ.ആര് വിജയ നിര്‍ദേശിക്കുകയും അഡ്വ. ജിഷ ജോബി പിന്താങ്ങുകും ചെയ്തു. തെരഞ്ഞെടുപ്പില്‍ ബൈജു കുറ്റിക്കാടനു 17 ഉം അല്‍ഫോണ്‍സ തോമസിന് 16 ഉം വോട്ട് ലഭിച്ചു. കൂടുതല്‍ വോട്ടുകള്‍ നേടിയ ബൈജു കുറ്റിക്കാടനെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ കെ.ശാന്തകുമാരി പ്രഖ്യാപിച്ചു.
തുടര്‍ന്നു ബൈജു കുറ്റിക്കാടന്‍ വൈസ് ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഈ കൗണ്‍സിലിന്റെ കാലഘട്ടത്തില്‍ മൂന്നാമത്തെ ബൈസ് ചെയര്‍മാനാണ് ബൈജു കുറ്റിക്കാടന്‍. ബിജെപി അംഗങ്ങള്‍ തെരഞ്ഞടുപ്പു യോഗത്തില്‍ എത്തിയിരുന്നില്ല. ആദ്യ തവണയാണു ബൈജു കുറ്റിക്കാടന്‍ നഗരസഭ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
നിലവില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ യുഡിഎഫിന് 17, എല്‍ഡിഎഫിന് 16, ബിജെപിക്ക് 8 എന്നിങ്ങനെയാണ് സീറ്റുകളുള്ളത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം പ്രസിഡന്റ്, മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന കേന്ദ്രം ട്രസ്റ്റി, ഇരിങ്ങാലക്കുട രൂപത സിഎല്‍സി പ്രസിഡന്റ്, ഫൊറോന സിഎല്‍സി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചീട്ടുണ്ട്.
ഇരിങ്ങാലക്കുട മള്‍ട്ടിപര്‍പ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗമാണ്. മാപ്രാണം കുറ്റിക്കാടന്‍ വീട്ടില്‍ പരേതനായ അന്തോണിയുടെയും റോസിലിയുടെയും മകനാണ്. ഭാര്യ: നിമിഷ. മക്കള്‍: സ്റ്റീവ് ജോണ്‍, നിഹാര.