സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പില്‍ നിന്നും തേക്ക് മരങ്ങള്‍ വെട്ടിമാറ്റിയ കേസില്‍ 79020 രൂപയും കോടതി ചിലവും നല്കാന് കോടതി ഉത്തരവ്
സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പില്‍ നിന്നും തേക്ക് മരങ്ങള്‍ വെട്ടിമാറ്റിയ കേസില്‍ 79020 രൂപയും കോടതി ചിലവും നല്കാന് പൂമംഗലം പഞ്ചായത്തിനോട് ആവശ്യപ്പെട്ട് കൊണ്ട് കോടതി ഉത്തരവ്
ഇരിങ്ങാലക്കുട: വീട്ടുവളപ്പില്‍ നിന്നും തേക്കുകള്‍ വെട്ടിമാറ്റിയ കേസില്‍ സ്വകാര്യ വ്യക്തിക്ക് നഷ്ടപരിഹാരവും കോടതി ചിലവും നല്കാന് പൂമംഗലം പഞ്ചായത്തിനോട് ആവശ്യപ്പെട്ട് കൊണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ മുന്‍സിഫ് സിച്ച് അബീനയുടെ വിധി. പൂമംഗലം പഞ്ചായത്തില്‍ കല്‍പ്പറമ്പ് കാട്ടൂക്കാരന്‍ റപ്പായി മകന് ഡേവിസ് നല്കിയ ഹര്‍ജിയിലാണ് വിധി. 2015 മെയ് 11 ന് ആയിരുന്നു സംഭവം. പ്രവാസി കൂടിയായ ഡേവിസിന്റെ വീട്ടുവളപ്പിലെ തേക്ക് മരങ്ങളില്‍ നിന്നുള്ള ഇലകളും മറ്റും തങ്ങളുടെ വീടുകളിലേക്ക് വന്ന് വീഴുന്നതായി കാണിച്ച് അയല്‍വാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു.
പഞ്ചായത്ത് നല്കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ മരങ്ങളുടെ കൊമ്പുകള്‍ ഡേവീസ് മുറിച്ച് മാറ്റിയിരുന്നു. എന്നാല്‍ സംഭവ ദിവസം പോലീസിന്റെ സാന്നിധ്യത്തില്‍ മൂന്ന് തേക്ക് മരങ്ങള്‍ പൂര്‍ണ്ണമായും അഞ്ച് മരങ്ങള്‍ ഭാഗികമായും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുറിച്ച് മാറ്റിയെന്നും 2,23,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഡേവിസ് ഹര്‍ജി നല്‍കിയത്. വാദിക്ക് ഒന്നാം പ്രതിയായ പഞ്ചായത്ത് 79020 രൂപയും കോടതി ചിലവും നല്‍കണമെന്നാണ് ഉത്തരവായിട്ടുള്ളത്. തേക്കുകള്‍ വെട്ടി മാറ്റിയ ദിവസം ഡേവിസിന്റെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഹര്ജിക്കാരന് വേണ്ടി അഡ്വ. സുഭാഷ് ചന്ദ്രബാബു, അഡ്വ. സജിത്ത്കുമാര്‍ എന്നിവര്‍ ഹാജരായി.