ഇനിയെത്ര ജീവന് കുരുതി കൊടുക്കണം, അധികൃതരേ ഒന്നു കണ്ണു തുറക്കാന്‍
ഇരിങ്ങാലക്കുട: അധികാരികളുടെ അശ്രദ്ധയും ജാഗ്രതകുറവും കാരണം ഒരു ജീവന് പൊലിഞ്ഞു. അറുതിയില്ലാതെ അപകടങ്ങള്‍ സംഭവിക്കുമ്പോഴും തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. ഇന്നലെ സ്വകാര്യ ബസിന്റെ അമിത വേഗതയില്‍ പൊലിഞ്ഞത് ഒരു ജീവനാണ്. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെല്ലാമാണ് തകര്‍ത്തെറിഞ്ഞത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പ്രധാനമായും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് ഭീതി വിതക്കുന്നത്. ബസുകള്‍ക്ക് സൈഡ് കൊടുത്തില്ലെന്ന പേരില്‍ ചെറുവാഹനങ്ങളിലെ ഡ്രൈവര്‍മാരെയും മറ്റും നടുറോഡില്‍ അസഭ്യം വിളിച്ചുപറയുന്നതും പതിവ് കാഴ്ചയാണ്. പോലീസധികൃതരാകട്ടെ ഇത് കണ്ടില്ലെന്ന മട്ടാണ് പലപ്പോഴും. ബസുകള്‍ തലങ്ങും വിലങ്ങും വരുകയും ബസ്റ്റാന്‍ഡിനുള്ളില്‍ വെച്ച് അമിതവേഗത്തില്‍ തിരിക്കുന്നതും യാത്രക്കാരില്‍ ഭയമുളവാക്കുന്നുണ്ട്.
ഫോണില്‍ സംസാരിച്ചും ഡ്രൈവിംഗ്
എത്ര ബോധവത്കരിച്ചാലും ബോധം വെക്കില്ലെന്ന ഉറച്ച നിലപാടിലാണു ചില സ്വകാര്യ ബസ് ജീവനക്കാര്‍. എയര്‍ഹോണ്‍ നിരോധിച്ചതൊന്നും ഡ്രൈവര്‍മാര്‍ അറിഞ്ഞമട്ടു കാട്ടാറില്ല. തിരക്കിനിടയിലും നിര്‍ത്താതെ ഹോണ്‍ അടിച്ചുകൊണ്ടുള്ള ബസ്യാത്ര നിത്യക്കാഴ്ചയാണ്. നിരോധിച്ച എയര്‍ഹോണുകള്‍ എവിടെ വേണമെങ്കിലും ഇവര്‍ക്കു നീട്ടിയടിക്കാം. ബസ് ഡ്രൈവിംഗിനിടയിലെ തോന്ന്യാസം കൂടി വരുന്നുവെന്നാണ് യാത്രക്കാരുടെ കണ്ടെത്തല്‍. ഡ്രൈവര്‍ ഒരു കൈ മാത്രം സ്റ്റിയറിങ്ങില്‍ പിടിച്ചും മറുകയില്‍ മൊബൈല്‍ ഫോണ്‍ ചെവിയില്‍ വച്ചും അമിത വേഗത്തില്‍ പായുന്നതും കാഴ്ചയാണ്.
വാതിലുകള്‍ തുറന്നുവെച്ചും ഭീതി പരത്തിയും ഡ്രൈവിംഗ്
നടുറോഡില്‍ പോകുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ഹോണ്‍ അടിച്ച് ഭയപ്പെടുത്തുന്നതും ബസ് ഡ്രൈവര്‍മാരുടെ പതിവു ശൈലിയാണ്. കാല്‍നടയാത്രക്കാര്‍ റോഡ് മുിച്ചുകടക്കുന്നതുകണ്ടാല് വാഹനം അമിതവേഗത്തില്‍ ഇരച്ചുകൊണ്ടുവന്ന് തൊട്ടുമുന്നില്‍ സഡന്‍ ബ്രേക്കിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും സാധാരണമാണ്. സ്കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ വളരെ പേടിച്ചാണ് റോഡിലൂടെ നടക്കുന്നത്. ബസ് ഗതാഗതം അനുവദിച്ചിട്ടില്ലാത്ത ഇടവഴികളില്‍ കൂടിയും ചില സമയത്ത് സ്വകാര്യ ബസുകള്‍ വഴിതിരിച്ച് വിടുന്നുണ്ട്. ഡോറുകള്‍ അടച്ചു സുരക്ഷിതമായി യാത്ര ചെയ്യണമെന്ന നിര്‍ദേശവും പലപ്പോഴും പാലിക്കുന്നില്ല. ചുരുക്കത്തില്‍ നഗരത്തില്‍ ചെറുവാഹനങ്ങളിലുള്ള യാത്രയും കാല്‍നടയാത്രയും വന്‍ മാനസിക സമ്മര്ദത്തിനിടയാക്കുന്ന അവസ്ഥയാണുള്ളത്.
നിയമങ്ങളും നിയന്ത്രണങ്ങളുമില്ല
ബസ് ജീവനക്കാരുടെ തോന്ന്യാസങ്ങളില്‍ പലപ്പോഴും നിയമപാലകര്‍ മൂകസാക്ഷിയാണ്. ബസപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണരുന്ന അധികൃതര്‍ ചില പ്രഹസനങ്ങള്‍ നടത്തും. ഉന്നതതലയോഗം, ചര്‍ച്ച, എങ്ങുമെത്താത്ത കുറെ തീരുമാനങ്ങള്‍. ഇതാണു ഇന്നത്തെ അവസ്ഥ. അപകടം വരുത്തുന്ന വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദ് ചെയ്യുന്ന വിധത്തിലുള്ള കടുത്ത നടപടികള്‍ ഉണ്ടെങ്കിലേ മരണപ്പാച്ചിലിനും നിയമലംഘനത്തിനും അറുതിയുണ്ടാകൂ.
അപകടം വിളിച്ചു വരുത്തുന്ന സഹസികത
കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ സ്വകാര്യ ബസ് ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും വേഗതകൂട്ടുന്ന പ്രവണതയാണുള്ളത്. ബസ് സ്റ്റോപ്പില്‍ നിര്‍ത്താന്‍ പോകുമ്പോഴും വണ്ടി പരമാവധി വേഗം വര്‍ധിപ്പിച്ച് തങ്ങളുടെ സാഹസികത പുറത്തറിയിക്കുവാനുള്ള ശ്രമം ഡ്രൈവര്‍മാരില്‍ ഏറിയിട്ടുണ്ട്. ജീവനക്കാരുടെ അശ്രദ്ധമൂലം സ്വകാര്യ ബസ്യാത്ര യാത്രക്കാര്‍ക്കു പേടി സ്വപ്നമായി മാറിയിട്ടുണ്ട്. അമിത വേഗതയിലുള്ള ബസോട്ടം യാത്രക്കാരെ കാലാകാലത്തേക്കും രോഗികളാക്കുമോ അല്ലെങ്കില്‍ ജീവന്‍തന്നെ എടുക്കപ്പെടുമോ എന്നുള്ള ഭയമാണു പലര്‍ക്കും.
ആരോട് പരാതി പറയാന്‍
പോലീസില്‍ പരാതി പറഞ്ഞിട്ടും ഫലമില്ലെന്ന അവസ്ഥയാണു പലപ്പോഴും യാത്രക്കാര്‍ക്കുള്ളത്. പരാതി പറഞ്ഞാല്‍ നമ്പര്‍, കൃത്യസമയം, ദൃക്സാക്ഷികളുണ്ടോ തുടങ്ങി അനാവശ്യമായ ഓരോന്നു ചോദിച്ച് പരാതിക്കാരനെ കുടയും. ഇതിനിടയില്‍ ബസുടമയും പോലീസും തമ്മില്‍ ചില ധാരണകളിലെത്തും. അതോടെ പരാതിക്കാരന് മനം മടുത്ത് പിന്‍വാങ്ങും. ചില പോലീസുകാര്‍ക്കു ബസ് ഡ്രൈവര്‍മാരുമായുള്ള ബന്ധവും നടപടിയെടുക്കുന്നതിനു വിഘാതമാകുന്നു.