സിപിഎം ഇരിങ്ങാലക്കുട എരിയ സമ്മേളനം; കരുവന്നൂര്‍ ബാങ്കിനായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് കൂടുതല്‍ കാര്യക്ഷമമാക്കണം യോഗത്തില്‍ വിമര്‍ശനം
ഇരിങ്ങാലക്കുട: കോടികളുടെ ക്രമക്കേടുകള്നടന്ന കരുവന്നൂര്‍ ബാങ്കിനായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ടെന്നും സര്‍ക്കാരില്‍നിന്നു കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാകണമെന്നും സിപിഎം ഇരിങ്ങാലക്കുട എരിയാസമ്മേളനത്തില് വിമര്‍ശനം. നിക്ഷേപകര്‍ പണത്തിനായി അപേക്ഷനല്‍കി കാത്തുനില്‍ക്കേണ്ട അവസഥ തുടരുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. സോഷ്യല്‍മീഡിയയിലെ ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ടെന്നും വിവിധ ലോക്കല്കമ്മിറ്റികളില്നിന്നു ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങളില്‍നിന്നു അഭിപ്രായങ്ങളുയര്‍ന്നു.
സമ്മേളനവേദിയായ ടൗണ്‍ഹാളില്‍ ഏരിയാകമ്മിറ്റി അംഗം എന്‍.കെ. അരവിന്ദാക്ഷന് പതാക ഉയര്‍ത്തി. ജില്ലാകമ്മിറ്റി അംഗം അഡ്വ.കെ.ആര്. വിജയ താല്‍ക്കാലിക അധ്യക്ഷയായി. ജില്ലാസെക്രട്ടറി എം.എം. വര്‍ഗീസ് ഉദ്ഘാടനംചെയ്തു. വര്‍ഗീയ അജണ്ടകള്‍ മാത്രമല്ല ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ എതിരാണെന്നും ബിജെപിയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന് ഹരിയാന തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായും എം.എം. വര്‍ഗീസ് പറഞ്ഞു. ആര്.എല്‍. ശ്രീലാല്‍, ടി.ജി. ശങ്കരനാരായണന്, ഏരിയാസെക്രട്ടറി വി.എ. മനോജ്കുമാര്‍, എരിയാകമ്മിറ്റി അംഗം കെ.സി. പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരിയാസെക്രട്ടറിയായി വി.എ. മനോജ്കുമാറിനെ തെരഞ്ഞെടുത്തു.