കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡിന്റെ പുനര്‍നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
കരുവന്നൂര്‍: കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡിന്റെ പുനര്‍നിര്‍മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. 2024-25 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍നിന്നു ഒരുകോടിരൂപയാണ് കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡ് നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ കരുവന്നൂര്‍ പുഴയുടെതീരത്ത് ഇരിങ്ങാലക്കുട നഗരസഭയേയും കാറളം ഗ്രാമപ്പഞ്ചായത്തിനേയും ബന്ധിപ്പിച്ച് 53 വര്‍ഷങ്ങള്‍ക്കുമുമ്പ് ജലവിഭവവകുപ്പ് നിര്‍മിച്ചതാണ് കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡ്. 3030 മീറ്റര്‍ നീളത്തില്‍ ശരാശരി 4.80 മീറ്റര്‍ വീതിയില്‍ റോഡ് റീ ടാറിംഗും 345 മീറ്റര്‍ നീളത്തില്‍ അഞ്ചുമീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് പാവിംഗ് ബ്ലോക്ക് വിരിക്കുന്ന ജോലിക്കുമാണ് ഇപ്പോള്‍ തുടക്കമായത്.
കരുവന്നൂര്‍ വലിയ പാലത്തിന് സമീപംനടന്ന യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷതവഹിച്ചു. കാറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് മുഖ്യാതിഥിയായിരുന്നു. ജില്ലാപഞ്ചായത്ത് മെമ്പര്‍ ഷീല അജയ്ഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മോഹനന് വലിയാട്ടില്‍ ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍മാരായ നസീമ കുഞ്ഞുമോന്, അല്‍ഫോണ്‍സ തോമസ്, രാജി കൃഷ്ണകുമാര്‍, കാറളം ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ലൈജു ആന്റണി എന്നിവര്‍ സംസാരിച്ചു.