വേളൂക്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബിജെപിയുടെ ഏകദിന ഉപവാസ സമരം നടത്തി
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തില്‍ റോഡ് കൈയേറ്റം ചെയ്തവരെ ഒഴിപ്പിച്ച് സമയബന്ധിതമായി കുറുപ്പംപടി പട്ടേപ്പാടം കരുവാപ്പടി റോഡിന്റെ പണി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് 7ാം വാര്‍ഡ് അംഗം ശ്യാം രാജ്, 14ാം വാര്‍ഡ് അംഗം അജിത ബിനോയ് എന്നിവരുടെ പ്രവര്‍ത്തകര്‍ വേളൂക്കര പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി. വേളൂക്കര പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന കുറുപ്പംപടി പട്ടേപ്പാടം കരുവാപ്പടി റോഡിന്റെ നിര്‍മാണം പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018 ല്‍ ആരംഭിച്ചതാണ്.
അതിനിടയില്‍ കോവിഡ് വന്നതിനെ തുടര്‍ന്നും ചിലര്‍ റോഡ് കൈയേറി അവരുടെ സ്ഥലമാണെന്ന് പറഞ്ഞ് അവകാശം ഉന്നയിച്ചതിനെ തുടര്‍ന്നും റോഡ് പണി നിര്‍ത്തി വെക്കുകയായിരുന്നു. കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. അജയഘോഷ് സമരം ഉദ്ഘാടനം ചെയ്തു. ബിജെപി വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ജിജിഷ് മോഹന്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി ലോചനന്‍ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. 437 ലക്ഷം രൂപയാണ് ഈ റോഡിന്റെ മൊത്തം നിര്‍മാണ ചെലവ്.