നാട്ടുകാര്ക്ക് തലവേദനയായി വിദ്യാര്ഥികളുടെ തമ്മില്ത്തല്ല്; ഇടപെടാന് പോലീസിനും പരിമിതി
ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്ഡില് വിദ്യാര്ഥികള് തമ്മില് തല്ലി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വകാര്യ സ്റ്റാന്ഡില് വിദ്യാര്ഥികളുടെ തല്ലുമാല. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാന്ഡില് സ്കൂള് വിദ്യാര്ഥികള് തമ്മിലടിച്ചത്. സംഘടനത്തിന്റെ സിസിടിവി ദൃശ്യങ്ങള് നവമാധ്യമങ്ങളില് അതിവേഗം പ്രചരിച്ചിരുന്നു. നഗരത്തിലെ സ്കൂളില് പഠിക്കുന്ന കുട്ടികളാണ് സംഘര്ഷത്തില് ഉള്പ്പെട്ടിരിക്കുന്നതെന്നാണ് സംശയം. പലരും യൂണിഫോമില് അല്ലാത്തതിനാല് പല കുട്ടികളും ഏത് സ്കൂളിലെ വിദ്യാര്ഥികളാണെന്ന് ഇതുവരെ തിരിച്ചറിയാന് കഴിഞ്ഞിട്ടില്ല.
ബസ് സ്റ്റാന്ഡിലെ പടിഞ്ഞാറ് ഭാഗത്ത് ബസുകള് പാര്ക്ക് ചെയ്ത സമീപത്താണ് സംഘര്ഷം നടന്നത്. ഇവിടെ പലപ്പോഴും വിദ്യാര്ഥികള് തമ്മിലടിക്കാറുണ്ടെന്ന് വ്യാപാരികള് പറയുന്നു. ആരും പരാതി നല്കാത്തതിനാല് പോലീസ് നടപടി എടുക്കാറില്ല. അതേസമയം ലഹരി സംഘങ്ങളാണ് ഇത്തരം ഏറ്റുമുട്ടലുകള്ക്കു പിന്നിലെന്നാണ് അഭ്യൂഹം. ലഹരിവസ്തുക്കളുടെ വിതരണക്കാര് വിദ്യാര്ഥികള്ക്ക് കൈമാറുന്നത് ഈ സമയത്താണ്. ഇതിനെ ചൊല്ലിയുള്ള തര്ക്കമാണ് സംഘടനത്തില് എത്തിചേരുന്നത്. സ്കൂളുകളും കോളജുകളും വിടുന്ന സമയത്താണ് ഇത്തരം സംഭവങ്ങള് ഏറെയും നടക്കുന്നത്.
ബസ് സ്റ്റാന്ഡില് നഗരസഭ കെട്ടിടത്തിലെ ഗോവണികളില് ആണ്കുട്ടികളും പെണ്കുട്ടികളും അനാവശ്യമായി ഏറെ നേരം ചെലവഴിക്കുന്നത് ഒഴിവാക്കുന്നതിനാവശ്യമായ നടപടികള് സ്വീകരിക്കണമെന്ന് കഴിഞ്ഞ താലൂക്ക് വികസനസമിതിയോഗത്തില് ആവശ്യമുയര്ന്നിരുന്നു. കിഴക്കുവശത്തെ കെട്ടിടത്തിലെ ഗോവണി അടച്ചു പൂട്ടുന്നതിനാവശയമായ നടപടി സ്വീകരിക്കണമെന്നാണ് ചെയര്പേഴ്സണോടും ആവശ്യപ്പട്ടീട്ടുണ്ട്. ബസ് സ്റ്റാന്ഡ് കേന്ദ്രീകരിച്ച് പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നാണ് വ്യാപാരികളടക്കമുള്ളവരുടെ ആവശ്യം.