നന്തി പാടത്തു തള്ളിയ അറവുമാലിന്യം നിക്ഷേപിച്ച വ്യക്തിയെ കൊണ്ടു തന്നെ തിരിച്ചെടുപ്പിച്ചു, 25000 പിഴ ഈടാക്കി
കാറിന്റെ നമ്പര്‍ തെറ്റായി ചേദിച്ചു, കാറുടമ കൃത്യമായി നമ്പര്‍ നല്കി. പിന്നാലെ വിളിച്ചു വരുത്തി മാലിന്യമെടുപ്പിച്ചു
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ നന്തി ഭാഗത്ത് തള്ളിയ 20 ചാക്കോളം അറവുമാലിന്യം അതു നിക്ഷേപ്പിച്ച വ്യക്തിയെ കൊണ്ടുതന്നെ 24 മണിക്കൂറിനുള്ളില്‍ തിരിച്ചെടുപ്പിച്ച് കാറളം പഞ്ചായത്തും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും. കഴിഞ്ഞ ദിവസം രാവിലെയാണ് നന്തി ഭാഗത്ത് ഇരുപതോളം ചാക്കുകളിലായി അറവുമാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, വാര്‍ഡ് മെമ്പര്‍ അമ്പിളി റെനില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.ആര്. രതീഷ് എന്നിവര്‍ സ്ഥലത്തെത്തി.
പരിസരവാസികളോട് അന്വേഷിച്ചപ്പോള്‍ 3132 നമ്പറിലുള്ള ഒരു ചുവന്ന കാറിലാണ് മാലിന്യങ്ങള്‍ കൊണ്ടുവന്നതെന്ന വിവരം മാത്രം ഒരു ദൃക്സാക്ഷിയില് നിന്നു ലഭിച്ചു. മറ്റു യാതൊരു വിവരവും ലഭ്യമായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ നന്തി ഭാഗത്തുള്ള അറവുശാലയില്‍ പോയി ആരാണ് ഇവിടെ നിന്ന് മാലിന്യങ്ങള്‍ കൊണ്ടു പോകാറുള്ളത് എന്ന് ആരാഞ്ഞു. ചാലക്കുടി പോട്ട ഭാഗത്തി താമസിക്കുന്ന മാഹിന്‍ എന്ന ഒരാളാണ് തന്റെ കൈയ്യില്‍ നിന്നും സ്ഥിരമായി അറവുമാലിന്യങ്ങള്‍ കൊണ്ടു പോകാറുള്ളതെന്ന് അറവുകാരന് വ്യക്തമാക്കി. മാഹിന്റെ മൊബൈല്‍ നമ്പര്‍ കൈയ്യിലുണ്ടെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ ഫോണില്‍ അയാളെ വിളിക്കുവാന്‍ പഞ്ചായത്ത് മെമ്പറും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനും അറവുകാരനോട് ആവശ്യപ്പെട്ടു.
താങ്കളുടെ കാറിന്റെ നമ്പര്‍ 5152 ആണോ എന്ന് അറവുകാരനെ കൊണ്ട് തെറ്റായി മാഹിനോട് ചോദിപ്പിച്ചു. അല്ല എന്റെ കാറിന്റെ നമ്പര്‍ 3132 ആണ് എന്ന് മാഹിന്‍ മറുപടി പറഞ്ഞതോടെ കാര്യങ്ങളെല്ലാം വ്യക്തമായി. ഉടനെ സ്ഥലത്തെത്താന്‍ പഞ്ചായത്ത് അധികൃതര്‍ മാഹിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മാഹിന്‍ സ്ഥലത്തെത്തി. മാഹിന്റെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാന്റില്‍ സംസ്കാരിച്ചു കൊള്ളാം എന്ന് രേഖാമൂലം ലഭിച്ച ഉറപ്പില്‍, അവിടെ തള്ളിയ 20 ചാക്ക് മാലിന്യം മാഹിനെ കൊണ്ട് തിരിച്ചെടുപ്പിച്ചു. അതിനു പുറമേ 25000 രൂപ പിഴയും ഈടാക്കി. മാലിന്യം നിക്ഷേപിച്ച സ്ഥലങ്ങളില്‍ ബ്ലീചിംഗ് പൗഡര്‍, കുമ്മായം എന്നിവ ഉപയോഗിച്ച് ഇവരെ കൊണ്ടു തന്നെ വൃത്തയാക്കി.പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.