ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പൈത്യക മതിലിന്റെ ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പൈത്യക മതിലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ 2018 19ലെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 48 ലക്ഷം രൂപ വിനിയോഗിച്ച് കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം തൃശൂര്‍ നേതൃത്വം നല്‍കിയാണ് മതില് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മുഖ്യാതിഥിയായി.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജയ്സണ്‍ പാറേക്കാടാന്, വാര്‍ഡ് കണ്‍സിലര്‍ ഒ.എസ്. അവിനാശ്, കൗണ്‍സിലര്‍മാരായ സോണിയ ഗിരി, സന്തോഷ് ബോബന്, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം എന്‍ജിനീയര്‍ നിമ, സ്കൂള്‍ പിടിഎ പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍, എസ്എംസി ചെയര്മാന് എ.വി. ഷൈന്‍, വിഎച്ച്എസ്എസ് വിഭാഗം സീനിയര്‍ അധ്യാപിക സനില, ഹൈസ്ക്കൂള് വിഭാഗം മുന്‍ അധ്യാപിക ലേഖ എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ വെച്ച് പൈതൃക മതില് സമയബന്ധിതമായി പൂര്‍ത്തീകരിച്ച കോണ്ട്രാക്ടര് ബോസ് തോമസിന് സ്കൂളിന്റെ സ്നേഹോപഹാരം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നല്കി ആദരിച്ചു. സ്കൂളിന്റെ പേരുള്ള ബോര്‍ഡ് സ്ഥാപിക്കുന്നതിനുള്ള ചെലവ് മുന്‍ അധ്യാപിക ലേഖ ടിച്ചര്‍ സ്കൂള്‍ അധികൃതര്‍ക്ക് കൈമാറി. യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.എസ്. സുഷ നന്ദിയും പറഞ്ഞു.