സന്മനസ്സുള്ളവര്ക്ക് സമാധാനം, പ്രത്യാശ-മാര്‍ പോളി കണ്ണൂക്കാടന്‍ (ഇരിങ്ങാലക്കുട രൂപത ബിഷപ്പ്)

ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.
ഇരിങ്ങാലക്കുട: ദൈവം മനുഷ്യനായി അവതരിച്ചതിന്റെ അനുസ്മരണവും ആഘോഷവുമാണ് ക്രിസ്മസ്. മനുഷ്യാവസ്ഥയുടെ എല്ലാ പരിമിതികളിലേക്കും നിസഹായാവസ്ഥകളിലേക്കുമുള്ള ദൈവത്തിന്റെ ഇറങ്ങിവരവായിരുന്നു മനുഷ്യാവതാരം. സന്മനസ്സുള്ള സകലര്‍ക്കും ഭൂമിയില്‍ സമാധാനവും പ്രത്യാശയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ക്രിസ്തുവിന്റെ ആഗമനം ചരിത്രത്തില്‍ ഒരിക്കല്‍മാത്രം നടന്ന ഒറ്റപ്പെട്ട സംഭവമല്ല; ഇന്നും നാളെയും നമ്മുടെ ജീവിതത്തിലും ചുറ്റുപാടുകളിലും നിരന്തരം സംഭവിക്കേണ്ട സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റേയും ഓര്‍മപ്പെടുത്തലാണ്. സാര്‍വത്രിക കത്തോലിക്കാസഭ 2025 പ്രത്യാശയുടെ ജൂബിലി വര്‍ഷമായി ആചരിക്കുകയാണ്.
പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തില്‍ മുന്നേറാന്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഇന്ന് വേണ്ടത് പ്രതീക്ഷയുടെ കൈതിരിവെട്ടമാണെന്ന തിരിച്ചറിവാണ് ജൂബിലിയുടെ പ്രചോദനം. യുദ്ധങ്ങളും കലാപങ്ങളും അക്രമങ്ങളും അധിനിവേശങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ സമാധാനത്തിന്റെയും പ്രത്യാശയുടെയും നക്ഷത്രമായി ക്രിസ്മസ് മനഷ്യമനസ്സുകളില് നിറയട്ടെ. ആശങ്കയുടെയും ഭീതിയുടെയും നിഴല്‍വഴികളില്‍ ക്ഷമയുടെയും സഹിഷ്ണുതയുടെയും പ്രത്യാശയുടെയും കവാടങ്ങള്‍ കടന്ന് മുന്നേറാന്‍ മനുഷ്യരാശിക്ക് ക്രിസ്മസ് പ്രചോദനമാകണം. അനാഥത്വത്തിന്റെ വേദനയിലും നിരാശയുടെ അന്ധകാരത്തിലും പാവപ്പെട്ടവന്റെ നെടുവീര്‍പ്പിലും പാര്ശ്വവല്ക്കരിക്കപ്പെട്ടവന്റെ നിസ്സഹായതയിലും ദൈവത്തെ കാണാനും കരംനീട്ടി അവനെ ഹൃദയത്തോട് ചേര്‍ക്കാനുമുള്ള സന്മനസ്സാണ് ഇന്നാവശ്യം.
എവിടെ മര്‍ദ്ദനത്തിന്റെയും പീഡനത്തിന്റെയും ചൂഷണത്തിന്റെയും നീതിനിഷേധത്തിന്റെയും വിലാപമുയരുന്നുണ്ടോ, അവിടെയൊക്കെ നിലവിളിക്കുന്നവന്റെ പക്ഷം ചേരാനും അവന് സാന്ത്വനമേകാനും സന്നദ്ധമാകുന്ന മനസ്. ആ മാനസികാവസ്ഥയിലേക്കാണ് വ്യക്തികളും സമൂഹങ്ങളും രാജ്യങ്ങളും ഉണരേണ്ടത്. അസത്യത്തില്നിന്ന് സത്യത്തിലേക്കും അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കും മരണത്തില്‍ നിന്നു അമര്‍ത്യതയിലേക്കും നടന്നുകയറാനുള്ള അന്തര്‍ദാഹം ആര്‍ഷഭാരത പൈതൃകത്തിന്റെ ഭാഗമാണ്. സ്വാര്‍ഥതയുടെയും ശത്രുതയുടെയും ഇരുള്‍നിലങ്ങളില്‍ നിന്നു സമാധാനത്തിന്റെയും പ്രത്യാശയുടെയും പുലരിവെളിച്ചത്തിലേക്ക് മിഴി തുറക്കാന്‍ ക്രിസ്മസ് നിമിത്തമാകട്ടെ. ക്രിസ്മസിന്റെയം പുതുവല്സരത്തിന്റെയും ആശംസകള്‍ എല്ലാവര്ക്കും നേരുന്നു.
