അഡ്വ. കെ.ആര്. തമ്പാന്, അഡ്വ. കെ.ആര്. തമ്പാന് എന്നിവരുടെ അനുസ്മരണം; നളചരിതം രണ്ടാംദിവസം കഥകളി അരങ്ങേറി
ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷപരമ്പരയുടെ ഭാഗമായി ഇരിങ്ങാലക്കുടയിലെ സാംസ്കാരിക സാമൂഹികരംഗത്ത് വലിയ സംഭാവനകള്‍ നല്കിയ അഡ്വ. കെ.കെ. തമ്പാനേയും അഡ്വ. കെ.ആര്. തമ്പാനേയും അനുസ്മരിച്ചു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഒരുക്കിയ അനുസ്മരണപരിപാടിയില്‍ അഡ്വ. രഞ്ജിത്ത് തമ്പാന് ഭദ്രദീപം തെളിയിക്കുകയും, മീര തമ്പാന് ഓര്‍മ്മകള്‍ പങ്കുവക്കുകയും ചെയ്തു. ടി.ആര്. ദാമോദരന്‍ നമ്പ്യാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സംഗമഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകസ്വത്തില്‍ ഭരണസിരാകേന്ദ്രത്തിന്റെ ഇടപെടലുകളും, ഇടര്‍ച്ചകളും, പരിഹാരങ്ങളും എന്ന വിഷയത്തെ അധികരിച്ച് യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി ഇ.എം. സതീശന്, സ്മാരകപ്രഭാഷണം നടത്തി. സുവര്‍ണ്ണത്തിന്റെ ഭാഗമായി കെപിഎസ് മേനോനും രംഗകലകളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ പ്രശസ്ത കൂടിയാട്ട ആചാര്യന് വേണുജി, കേരള കലാമണ്ഡലം ഡീനും ഭരണസമിതിയംഗവുമായ ഡോ. എന്‍. അജയകുമാര്‍ എന്നിവരുടെ പ്രഭാഷണങ്ങള്‍ നടന്നു. ക്ലബ് ഭരണസമിതിയംഗം റഷീദ് കാറളം ആമുഖ പ്രസംഗം നടത്തി.
തുടര്‍ന്ന് നളചരിതം രണ്ടാംദിവസം കഥയുടെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത കലാനിരൂപകന് കെ.ബി. രാജ് ആനന്ദ് പ്രഭാഷണവും തുടര്‍ന്ന് നളചരിതം രണ്ടാംദിവസം കഥകളിയും അരങ്ങേറി. കലാമണ്ഡലം കൃഷ്ണകുമാര്‍ (നളന്), ചമ്പക്കര വിജയകുമാര്‍ (ദമയന്തി), ഹരി ആര്. നായര്‍ (കലി), ശ്രീരാമന് (ദ്വാപരന്), ആഷിക് (ഇന്ദ്രന്), ഷണ്മുഖദാസ് (പുഷ്കരന്), കലാനിലയം സൂരജ് (മന്ത്രി), അജയ് (കാള), കലാമണ്ഡലം മനോജ് കുമാര്‍ (കാട്ടാളന്) എന്നിവര്‍ വേഷമിട്ടു.
കലാമണ്ഡലം ജയപ്രകാശ്, വിനോദ്, തൃപ്പൂണിത്തുറ അര്‍ജ്ജുന്‍രാജ്, വൈക്കം വിഷ്ണുദേവ് എന്നിവര്‍ സംഗീതത്തിലും, കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം രതീഷ്, ദീപക് എന്നിവര്‍ ചെണ്ടയിലും, സദനം ഭരതരാജന്, കലാനിലയം പ്രകാശന്, ആര്‍എല്‍വി ജിതിന് എന്നിവര്‍ മദ്ദളത്തിലും പശ്ചാത്തലമേളമൊരുക്കി. കലാമണ്ഡലം സുധീഷ്, ധഗിന് എന്നിവര്‍ ചുട്ടികുത്തി. ഊരകം നാരായണന് നായര്‍, ചേര്‍ത്തല ശ്രീരാജ്, നാരായണന്‍കുട്ടി, ശ്യാംമനോഹര്‍ എന്നിവര്‍ അണിയറ സഹായികളായി. ഇരിങ്ങാലക്കുട രംഗഭൂഷ ചമയമൊരുക്കി.