പുല്ലൂര്‍ പൊതുമ്പുചിറ ടൂറിസം ഹബ്ബാവാന്‍ ഒരുങ്ങുന്നു, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
പുല്ലൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് ആവിഷ്ക്കരിച്ച ഡെസ്റ്റിനേഷന്‍ ടൂറിസം ചലഞ്ച് പ്രേഗ്രാമിന്റെ ഭാഗമായി അനുമതി ലഭിച്ച മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പു ചിറയില്‍ ടൂറിസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ ആസ്ഥി വികസന ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് അനുവദിച്ച ഫണ്ടും മുരിയാട് ഗ്രാമപ്പഞ്ചായത്ത് ഫണ്ടും സംയോജിപ്പിച്ച് കൊണ്ടുമാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമ്പു ചിറക്ക് സമീപം നടന്ന ചടങ്ങില്‍ വെച്ച് പദ്ധതിയുടെ ത്രിമാന ചിത്രങ്ങള്‍ പ്രകാശനം ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു.
മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വെളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനേഷ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മുരിയാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് ഭരണസമിതി അംഗം തോമസ് തൊകലത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, കെ. വൃന്ദ കുമാരി, ജിനി സതീശന്, നിഖിത അനൂപ്, മനീഷ മനീഷ്, റോസ്മി ജയേഷ്, മണി സജയന്, വെളുക്കര ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ലീന, ബിബിന്‍ തുടിയത്ത് ശ്യാം രാജ് തുടങ്ങിയവര്‍ സംസാരിച്ചു. മുരിയാട് ഗ്രാമപ്പഞ്ചായത്ത് അസി. എന്‍ജിനീയര്‍ സിമി സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭരണ സമിതി അംഗം സേവ്യര്‍ ആളൂക്കാരന്‍ സ്വാഗതവും മുരിയാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.പി. ജസീന്ത നന്ദിയും പറഞ്ഞു. ആദ്യഘട്ട നിര്‍മ്മാണം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.