കാറില്‍ സിഎന്‍ജി ഗ്യാസ് നിറയ്ക്കാന്‍ എത്തിയ കാറ്ററിംഗ് സ്ഥാപന ഉടമയ്ക്ക് പെട്രോള്‍ പമ്പ് ജീവനക്കാരനില്‍ നിന്നും ആക്രമണം
കൂളിമുട്ടം സ്വദേശിയായ ജീവനക്കാരന് അറസ്റ്റില്‍
ഇരിങ്ങാലക്കുട: കാറില്‍ സിഎന്‍ജി നിറയ്ക്കാന്‍ എത്തിയ കാറ്ററിംഗ് സ്ഥാപന ഉടമയ്ക്ക് പെട്രോള്‍ പമ്പ് ജീവനക്കാരനില്‍ നിന്നും മര്‍ദ്ദനമേറ്റു. ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ അവറാന് പെട്രോള്‍ പമ്പില്‍ ഗ്യാസ് നിറക്കാന്‍ വാഹനവുമായെത്തിയ ഊരകം തൊമ്മാന ചിറ്റിലപ്പിള്ളി വീട്ടില്‍ ഷാന്റോ (59) ക്കാണ് പരിക്കേറ്റത്. ജീവനക്കാരന് അലുമിനിയം പൈപ്പുകൊണ്ട് തലക്കടിക്കുകയായിരുന്നു. തന്റെ കാര്‍ വരി തെറ്റിച്ച് നിറുത്തിയതിന്റെ പേരില്‍ ഇന്ധനം തരാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെ ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാരന് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിന്നുവെന്ന് കാറ്ററിംഗ് സ്ഥാപന ഉടമ കൂടിയായ ഷാന്റോ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പമ്പ് ജീവനക്കാരനായ മതിലകം കൂളിമുട്ടം കിള്ളിക്കുളങ്ങര വീട്ടില്‍ സജീവനെ (57) കസ്റ്റഡിയില്‍ എടുത്തു. ഏറെ നേരം കാത്തുനിന്നിട്ടും വാഹനത്തില്‍ ഗ്യാസ് നിറക്കാത്തതിനെത്തുടര്ന്ന് ഷാന്റോ മറ്റു വാഹനങ്ങളുടെ മുമ്പിലേക്ക് വണ്ടി കയറ്റിയിട്ടതില് പ്രകോപിതനായ സജീവന് ഷാന്റോയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഷാന്റോയ്ക്ക് ഗ്യാസ് അടിച്ചുതരാന്‍ മാനേജ്മെന്റ് തീരുമാനപ്രകാരം സാധിക്കില്ല എന്നു പറയുകയും മറ്റു ജീവനക്കാരോട് ഗ്യാസ് നിറച്ചുകൊടുക്കരുതെന്ന് ഈ ജീവനക്കാരന് പറഞ്ഞതായി ഷാന്റോ പറഞ്ഞു.
തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനിടയില്‍ കയ്യില്‍ കിട്ടിയ അലുമിനിയം കമ്പി കൊണ്ട് ജീവനക്കാരനായ സജീവന് ഷാന്റോയുടെ തലയില്‍ അടിക്കുകയുമായിരുന്നു. ഏറെ നേരം രക്തം വാര്ന്നിരുന്നുവെങ്കിലും ഷാന്റോയെ ആശുപത്രിയിലെത്തിക്കുവാനോ ജീവനക്കാരനെ തടയാനോ ആരും ശ്രമിച്ചില്ല. ഒരുമുക്കാല്‍ മണിക്കൂറോളം ഷാന്റോയെ ആശുപത്രിയിലെത്തിക്കുവാന്‍ പമ്പിലെ മറ്റു ജീവനക്കാര്‍ തയ്യാറായില്ല.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹമെത്തി പോലീസില്‍ വിവരമറിയിച്ചു. ഷാന്റോയെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം മറ്റു ജീവനക്കാര്‍ ഒളിപ്പിച്ചുനിര്ത്തിയിടത്തുനിന്നും പമ്പ് ജീവനക്കാരനെ പിടികൂടി പോലീസ് കസ്റ്റഡിയിലെടുത്തു.