പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അവുണ്ടര് ചാല് പാലത്തിന് കാത്തിരിപ്പ് നീളുന്നു
എടക്കുളം: പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അവുണ്ടര് ചാലിന് കുറുകെ പാലത്തിനുവേണ്ടി ഇനിയും കാത്തിരിക്കണം. ചാലിന്റെ ഒഴുക്ക് പരിശോധിച്ചശേഷം മാത്രമേ പാലത്തിന്റെ അന്തിമരൂപരേഖ തയ്യാറാക്കൂ. നേരത്തെ ഒരു മീറ്റര്‍ ഉയരത്തില്‍ പാലം നിര്‍മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഇതിനായി രൂപരേഖ തയ്യാറാക്കിയെങ്കിലും പ്രാദേശികമായി വെള്ളമുയര്‍ന്നാല്‍ പാലത്തില്‍ തടയുമെന്ന ആശങ്ക ഉയര്‍ത്തിയതോടെയാണ് പൊതുമരാമത്തുവകുപ്പ് പ്രദേശത്തെ ഒഴുക്കിന്റെ ശക്തി എത്രയുണ്ടെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള വിദഗ്ധസംഘം അധികം വൈകാതെ സ്ഥലത്തെത്തി ഒഴുക്ക് പരിശോധിച്ചശേഷംമാത്രമേ അന്തിമ രൂപരേഖ തയ്യാറാക്കൂ.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ബജറ്റില്‍ അവുണ്ടര് ചാലിനു കുറുകെ പാലം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റിലും പാലം ഇടം പിടിച്ചിരുന്നു. സ്ഥലത്തെ മണ്ണ്, സാന്ദ്രത എന്നിവ പരിശോധിച്ച് പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഗതാഗതം അധികമില്ലാത്ത സ്ഥലമല്ലാത്തതിനാല് ഉയരംകുറഞ്ഞ പാലം നിര്‍മിക്കാനായി താത്കാലിക രൂപരേഖ തയ്യാറാക്കി. എന്നാല്‍ ഉയരം കുറഞ്ഞ പാലം വന്നാല്‍ അത് വെള്ളമൊഴുക്കിന് തടസ്സമാകുമെന്ന പരാതിയുയര്‍ന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ചാലിനു കുറുകെയായി 30 മീറ്റര്‍ നീളത്തില്‍ പാലം നിര്മിക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ചാലിലെ വെള്ളത്തിന്റെ ഒഴുക്ക് പരിശോധിച്ചശേഷം അതനുസരിച്ച് അന്തിമ രൂപരേഖ തയ്യാറാക്കിവേണം പദ്ധതി സമര്‍പ്പിക്കാനെന്ന് പിഡബ്ല്യൂഡി ബ്രിഡ്ജസ് വിഭാഗം വ്യക്തമാക്കി. ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടികളിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പൂമംഗലം പഞ്ചായത്തില്‍ എടക്കുളം നെറ്റിയാട് സെന്ററിനെയും പടിയൂര്‍ പഞ്ചായത്തിലെ വളവനങ്ങാടിയെയും എളുപ്പം ബന്ധിപ്പിക്കുന്ന പാലം വരണമെന്നത് ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. നിലവില്‍ എടതിരിഞ്ഞി വഴി വളഞ്ഞുവേണം പടിയൂര്‍ പഞ്ചായത്തിന്റെ തെക്കന്‍ മേഖലയിലുള്ളവര്‍ക്ക് ഇരിങ്ങാലക്കുടയിലെത്താന്‍.
പാലം വന്നാല്‍ പടിയൂര്‍ നിവാസികള്‍ക്ക് ഇരിങ്ങാലക്കുടയിലെത്താന്‍ പോട്ട മൂന്നുപീടിക സംസ്ഥാനപാതയ്ക്കുപുറമേ ഒരു സമാന്തരപാത എന്ന നിലയിലും ഈ റോഡ് ഉപയോഗപ്പെടുത്താന്‍ സാധിക്കും. മാത്രമല്ല, ടിയൂര്പൂമംഗലം കോള്‍മേഖലയില്‍പ്പെട്ട നൂറുകണക്കിന് ഏക്കര്‍ പാടം കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും പാലം ഏറെ ഗുണം ചെയ്യും.