ക്രിസ്മസ് കരോള്‍ മത്സരഘോഷയാത്ര; പരിയാരം സെന്റ് ജോര്‍ജ്ജ് ഇടവക ഒന്നാം സ്ഥാനം
മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി നിശ്ചലദൃശ്യം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പ്രഫഷണല്‍ സിഎല്‍സി സംഘടിപ്പിച്ച ക്രിസ്മസ് മെഗാ കരോള്‍ മത്സരഘോഷയാത്രയില് പരിയാരം സെന്റ് ജോര്‍ജ്ജ് ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ കൊമ്പത്തുകടവ് ഇടവക രണ്ടാം സ്ഥാനവും വെള്ളാങ്കല്ലൂര്‍ സെന്റ് ജോസഫ്സ് ഇടവക മൂന്നാം സ്ഥാനവും സെന്റ് ആന്റണീസ് വടക്കുംകര ഇടവക നാലാം സ്ഥാനവും കരസ്ഥമാക്കി. മികച്ച ടാബ്ലോക്കുള്ള സമ്മാനം സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ കൊമ്പത്തുകടവ് ഇടവക കരസ്ഥമാക്കി. വിജയികള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മുനമ്പം മത്സ്യതൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച നിശ്ചലദൃശ്യം ഏറെ ശ്രദ്ധേയമായി. വടക്കുംകര സെന്റ് ആന്റണീസ് ഇടവകയാണ് കരോള്‍ മത്സരഘോഷയാത്രയില് ഈ നിശ്ചല ദൃശ്യം അവതരിപ്പിച്ചത്. സേവ് മുനമ്പം എന്ന് എഴുതിയ വഞ്ചി ഒരു പുല്ക്കൂടായി മാറുകയായിരുന്നു. മാലാഖമാരും യൗസേപ്പിതാവും മറിയവും ഉണ്ണിയേശുവും വഞ്ചിയിലുണ്ടായിരുന്നു. ഇവര്‍ക്കു പുറമേ കടലില്‍ മീനിനുവേണ്ടി വലയെറിയുന്ന മത്സ്യതൊഴിലാളിയായ മുക്കുവനും കുട്ട നിറയെ മത്സ്യവുമായി എത്തിയ മത്സ്യവില്പനക്കാരിയും ഈ നിശ്ചലദൃശ്യത്തിലുണ്ടായിരുന്നു.