താളമേളവിസ്മയം തീര്‍ത്ത് വര്‍ണ്ണക്കുട മഹോത്സവം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വര്‍ണ്ണക്കുടയില്‍ ആയിരങ്ങള്‍ക്ക് ആവേശമായി താളമേളവിസ്മയം തീര്‍ത്ത് ആല്‍മരം മ്യൂസിക് ബാന്‍ഡും നല്ലമ്മ നാടന്‍പാട്ടുത്സവവും ക്ലാസിക്കല്‍ നൃത്തനൃത്യങ്ങളും നടന്നു. പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മികച്ച നടിക്കുള്ള പ്രത്യേക ജ്യൂറി പരാമര്‍ശം കരസ്ഥമാക്കിയ സിജി പ്രദീപിനെയും സംഗീത സംവിധായകന് ആനന്ദ് മധുസൂദനനെയും സമ്മേളനത്തില്‍ ആദരിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വേണുജി, സദനം കൃഷ്ണന്‍കുട്ടി, അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍, നിര്‍മ്മല പണിക്കര്‍, കലാനിലയം രാഘവന്, മുരിയാട് മുരളീധരന് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
പ്രീതി നീരജ്, ജ്യോതി സുരേഷ്, ലിയാഷ യൂസഫ്, ശരണ്യ സഹസ്ര, യമുന രാധാകൃഷ്ണന്, സുധി നൃത്ത പ്രിയന്, സൗമ്യ സതീഷ്, ഹൃദ്യ ഹരിദാസ്, വൈഗ കെ. സജീവ്, ശോഭ എസ്. നായര്‍, കലാമണ്ഡലം പ്രജീഷ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു. പൊതുസമ്മേളനത്തിന് മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സന് പാറേക്കാടന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.ആര്. സ്റ്റാന്‍ലി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നല്ലമ്മ നാടന്‍ പാട്ടുത്സവം, ഇരിങ്ങാലക്കുടയിലെ നൃത്തവിദ്യാലയങ്ങളിലെ വിദ്യാര്‍ഥിനികളുടെ നൃത്തനൃത്യങ്ങള്‍, ആല്‍മരം മ്യൂസിക് ബാന്‍ഡ് എന്നിവ അരങ്ങേറി. സമാപനദിനമായ ഇന്ന് ഇരിങ്ങാലക്കുടയിലെ നൃത്തവിദ്യാലയങ്ങളിലെ വിദ്യാര്‍ഥിനികളുടെ നൃത്തനൃത്യങ്ങള്‍, ഗൗരി ലക്ഷ്മിയുടെ മ്യൂസിക് ബാന്‍ഡ് എന്നിവ ഉണ്ടാകും.
വര്‍ണ്ണക്കുട നടത്തിയത് ജനാധിപത്യ പ്രക്രിയകളോടുള്ള അവഹേളനമാണെന്ന്-കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിന്റെ നിര്യാണത്തില്‍ ഏഴുദിവസം രാജ്യം ദുഃഖാചരണത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇരിങ്ങാലക്കുട എംഎല്‍എയും സംസ്ഥാന മന്ത്രിയും ആയ ഡോ.ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പരിപാടിയായി ഇരിങ്ങാലക്കുടയില്‍ വര്‍ണ്ണക്കുട നടത്തിയത് ജനാധിപത്യ പ്രക്രിയകളോടുള്ള അവഹേളനമാണെന്ന് കോണ്‍ഗ്രസ് ആക്ഷേപിച്ചു. എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചപ്പോള്‍ പ്രഖ്യാപിച്ച ദുഖാചരണത്തില്‍ വര്‍ണ്ണക്കുട മാറ്റിവയ്ക്കാന്‍ തയാറായ മന്ത്രിക്ക് മുന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള ദുഃഖാചരണത്തില്‍ അതിന് തയ്യാറാവാത്തത് പാര്‍ട്ടി നിര്‍ദ്ദേശം ഉള്ളതുകൊണ്ടാണോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു.
ആണവ കരാറിന്റെ സമയത്ത് യുപിഎ സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ അവിശ്വാസം കൊണ്ടുവന്ന് ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരായ ഇടതു പക്ഷത്തിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങിനോടുള്ള പക ഇതുവരെയും മാറിയില്ലെന്നും അതിന്റെ തുടര്‍ച്ചയായാണ് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിക്കാതിരുന്നതും മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ഇത്തരം പൊതുപരിപാടി നടത്തിയത് എന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി ഇരിങ്ങാലക്കുടയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എ.പി. വില്‍സണ്‍ (കാട്ടൂര്‍), ബാസ്റ്റിന് ഫ്രാന്‍സിസ് (കാറളം), എ.ഐ. സിദ്ധാര്ത്ഥന് (പടിയൂര്‍), എന്‍. ശ്രീകുമാര്‍ (പൂമംഗലം), അഡ്വ. ശശികുമാര്‍ ഇടപ്പുഴ (വേളൂക്കര), പി.കെ. ഭാസി (പൊറത്തിശേരി) എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.