ഇരിങ്ങാലക്കുടയുടെ മനസ് തൊട്ടറിഞ്ഞ പ്രിയ ഗായകന്, രാമനാഥന് മാസ്റ്ററുടെ പ്രിയ ശിഷ്യന്, ഇന്നച്ചന്റെ സ്വന്തം ജയക്കുട്ടന്‍
സ്കൂളിലെ സാഹിത്യ സമാജം വേദിയില്‍ പാട്ടുക്കാരനായി തുടക്കം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്‍വശത്ത് കുട്ടന്‍കുളം എന്നൊരു വലിയൊരു കുളമുണ്ട്. ഈ കുളത്തിന്റെ എതിര്‍വശത്താണ് പ്രശസ്ത ഗായകന് പി. ജയചന്ദ്രന്റെ തറവാട്. പിച്ചവെച്ച് വളര്‍ന്ന വീട്. കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ കൂട്ടു കൂടിയ നഗരം…. പാടിയും പഠിച്ചും വളര്‍ന്ന നാട്. തന്നിലെ കഴിവിനെ അറിഞ്ഞ് വളര്‍ത്തിയെടുത്ത നാടും നാട്ടുക്കാരും. അങ്ങിനെ ഒരു പിടി ഒര്മകളാണ് ജയചന്ദ്രന്റെ മനസില്‍ മായാതെ സൂക്ഷിച്ചിരുന്നത്.
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ 1952 ലാണ് ഭാഗ പ്രകാരം ളഭിച്ച ഇരിങ്ങാലക്കുട പാലിയത്ത് താമസം ആക്കിയത്. എട്ടാം ക്ലാസുമുതല്‍ ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലായിരുന്നു പഠനം. കുട്ടിക്കാലത്ത് ജയകുട്ടന്‍ എന്നാണ് ജയചന്ദ്രനെ അധ്യാപകരും കൂട്ടുക്കാരും വിളക്കാറ്. സ്കൂളിലെ മലയാള അധ്യാപകനും ബാല സാഹിത്യകാരനായിരുന്ന അന്തരിച്ച കെ.വി. രാമനാഥന് മാഷാണ് സംഗീത വേദിയിലേക്ക് കൈപിടിച്ചു കയറ്റിയത്.
ക്ലാസ് മുറികളില്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുക്കുന്ന സാഹിത്യ സമാജം വേദിയില്‍ പാട്ടുപാടുമായിരുന്നു തുടക്കത്തില്‍. അക്ഷരശുദ്ധിയും പദശുദ്ധിയുമെല്ലാം തിരിച്ചറിഞ്ഞ രാമനാഥന് മാഷ് പിന്നീട് സ്കൂള്‍ കലോത്സവ വേദികളില്‍ ലളിത ഗാന മത്സരത്തില്‍ ജയചന്ദ്രനെ പങ്കെടുപ്പിച്ചു. ആദ്യ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഗാനഗന്ധര്വന് യേശുദാസുമായി മാറ്റുരച്ചപ്പോള്‍ രണ്ടാം സ്ഥാനം നേടി. അതേവര്‍ഷം മൃദംഗ മത്സരത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
തുടര്‍ന്നുള്ള രണ്ടു വര്‍ഷവും സംസ്ഥാന കലോത്സവ വേദിയില്‍ ലളിതഗാന മത്സരത്തില്‍ പി. ജയചന്ദ്രന് ഒന്നമാനായി. അക്കാലത്ത് രാമനാഥന് മാഷ് എഴുതി തയാറാക്കിയ പാട്ടുകള്‍ സംഘഗാനമായി പാടി സ്കൂളിനു വേണ്ടി പുരസ്കാരങ്ങള്‍ നേടിയ ഗായകസംഘത്തിലെ പ്രധാനി ജയചന്ദ്രനായിരുന്നു. തുടര്‍ന്ന് ക്രൈസ്റ്റ് കോളജിലെ പ്രീഡിഗ്രി, ബിരുദ പഠനകാലത്തും സംഗീത വേദികളില്‍ സജീവമായിരുന്നു. നാഷണല്‍ സ്കൂളില്‍ പഠിച്ച അന്തരിച്ച ചലചിത്രതാരം ഇന്നസെന്റ്, ുന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് എന്നിവര്‍ സുഹൃത്തുക്കളായിരുന്നു.
ഗുരു രാമനാഥന് മാഷും കൂട്ടുക്കാരന് ഇന്നസെന്റും പോയ വഴിയെ ജയചന്ദ്രനും യാത്രയായി. ഇരിങ്ങാലക്കുടയില്‍ നിന്നും താമസം മാറിയെങ്കിലും തറവാട് വീട് കൈമാറുന്നതുവരെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിന് എല്ലാവര്‍ഷവും വരുമായിരുന്നു. ഇപ്പോള്‍ ഇരിങ്ങാലക്കുടയില്‍ ആ പഴയ തറവാടു വീടില്ല. അവിടെ പുതിയ കോണ്‍ക്രീറ്റ് ഗോപുരമുയര്ന്നു. കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് 2023 ലെ മാണിക്യശ്രീ പുരസ്കാരവും 2022 ല്‍ കെ. രാഘവന് മാസ്റ്റര്‍ പുരസ്കാരവും ഇരിങ്ങാലക്കുടയില്‍വെച്ച് പി. ജയചന്ദ്രന് സമ്മാനിച്ചിരുന്നു.
ജയചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്ന നാഷണല്‍ സ്കൂളില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ഷികാഘോഷങ്ങള്‍ മാറ്റിവെക്കുകയായിരുന്നു. ഗുരു രാമനാഥന് മാസ്റ്ററും കൂട്ടുക്കാരന് ഇന്നസെന്റും പോയ വഴിയെ ജയചന്ദ്രനും യാത്രയായി. ഭാവഗായകന് പി ജയചന്ദ്രന്റെ ഭൗതികശരീരം ഇന്ന് രാവിലെ 8:30ന് നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിന് വക്കും. താന്‍ നടന്നു പോയ വഴികളിലൂടെയുള്ള അവസാന യായ്രയായിരിക്കും അത. രാമനാഥന് മാസ്റ്ററുടെ മൃതദേഹം ഇതേ സ്കൂളില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ തന്റെ ഗുരുവിനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ പ്രിയ ശിക്ഷയന്‍ ജയചന്ദ്രന് വന്നിരുന്നു.