സമ്പൂര്‍ണ സഹായക ഉപകരണ ലഭ്യത ഉറപ്പാക്കല്‍: നേട്ടം കൈവരിച്ച് ആളൂര്‍ പഞ്ചായത്ത്
ആളൂര്‍: അര്‍ഹതപ്പെട്ട മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സഹായക ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ഗ്രാമപ്പഞ്ചായത്ത് എന്ന ബഹുമതി ഇനി ആളൂര്‍ പഞ്ചായത്തിന്. ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സഹായക സാങ്കേതികവിദ്യ പരിശീലന പരിപാടിയും പഞ്ചായത്തിന്റെ പദ്ധതിയും സംയോജിപ്പിച്ചാണ് നേട്ടം കൈവരിച്ചത്.
അങ്കണവാടി പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, ഗ്രാമതല ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സഹായക ഉപകരണങ്ങള്‍ ആവശ്യമുള്ളവരെ കണ്ടെത്തുന്നതിന് നിപ്മറിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിരുന്നു. അവര്‍ കണ്ടെത്തിയ വ്യക്തികളെ നിപ്മറിലെ വിദ്ഗ്ധര് വിലയിരുത്തി അനുയോജ്യമായ ഉപകരണങ്ങള്‍ നിര്‍ദേശിച്ചു. ചലനോപകരണങ്ങള്‍, കാഴ്ച സഹായ ഉപകരണങ്ങള്‍, സ്വയം പരിചരണ ഉല്പന്നങ്ങള് എന്നിവ ലോകാരോഗ്യ സംഘടനയും മറ്റ് സഹായക ഉപകരണങ്ങള്‍ പഞ്ചായത്ത് പദ്ധതിയില്‍ പെടുത്തിയുമാണ് നല്‍കുക.
ഇതിന്റെ ഒന്നാം ഘട്ട വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം പി.കെ. ഡേവീസ് നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്ബാബു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് രതി സുരേഷ് സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ രാഗി നന്ദിയും പറഞ്ഞു. ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ ഷൈനി തിലകന്, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
മുപ്പത് ലക്ഷം രൂപയാണ് ലോകാരോഗ്യ സംഘടനയും ഗ്രാമപ്പഞ്ചായത്തും പദ്ധതിക്കായി ചെലവിടുന്നത്. പഞ്ചായത്തില്‍ നടത്തിയ സര്‍വേയില്‍ 528 പേര്‍ക്കാണ് സഹായക ഉപകരണങ്ങള്‍ ആവശ്യമുള്ളതായി കണ്ടെത്തിയത്. ആവശ്യക്കാരായ മുഴുവന്‍ പേര്‍ക്കും ഉപകരണങ്ങള്‍ നല്കാന് പദ്ധതി തയാറാക്കിയിട്ടുണ്ട്.