ഭൂമിയുടെ ന്യായവിലയിലെ വര്‍ധന: എടതിരിഞ്ഞിയില്‍ കേരള കോണ്‍ഗ്രസ് ധര്‍ണ നടത്തി
പടിയൂര്‍: എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ അന്യായമായി വധിപ്പിച്ച ന്യായവില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എടതിരിഞ്ഞി പോസ്റ്റ്ഓഫീസിന് മുന്നില്‍ പ്രതിഷേധ സായാഹ്നധര്‍ണ നടത്തി. ഇതുമൂലം പ്രദേശവാസികള്‍ വളരെയേറെ ബുദ്ധിമുട്ടുകയാണ്. 2010 മാര്‍ച്ച് ആറിനു ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് ഈ വിലവര്‍ധന നിലവില്‍വന്നത്. ന്യായവില തയാറാക്കിയ ഉദ്യോഗസ്ഥരുടെ പിഴവുമൂലമാണ് ഇങ്ങനെ സംഭവിച്ചത്. ഇതിനു മേല്‍നോട്ടം വഹിക്കേണ്ട മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു നോട്ടപ്പിശകുണ്ടായി. സംഗതി ഇങ്ങനെയായിരിക്കെ യുഡിഎഫ് പ്രഖ്യാപിച്ച കിന്‍ഫ്രപാര്‍ക്ക് മൂലമാണ് ന്യായവില വര്‍ധിച്ചതെന്ന വിചിത്രവാദവുമായി ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
2016 ഫെബ്രുവരി മൂന്നിനാണു യുഡിഎഫ് സര്‍ക്കാര്‍ കിന്‍ഫ്രപാര്‍ക്കിനു അനുമതിനല്‍കിയത്. എന്നാല്‍ 2010ല്‍ ഇടതുസര്‍ക്കാരിന്റെ കാലത്തുതന്നെ ഭൂമിയുടെ ന്യായവില വര്‍ധിച്ചിരുന്നു എന്നത് മനപൂര്‍വം ചിലര്‍ മറച്ചുവയ്ക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി മിനി മോഹന്‍ദാസ്, ജില്ലാ ജനറല്‍സെക്രട്ടറി എം.കെ. സേതുമാധവന്, ജില്ലാ കമ്മിറ്റി അംഗം അജിതാ സദാനന്ദന്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ട്രഷറര്‍ ശിവരാമന് കൊല്ലംപറമ്പില്‍, മണ്ഡലം വൈസ് പ്രസിഡന്റ് ആന്റോ ഐനിക്കല്‍, ജോ.സെക്രട്ടറിമാരായ ബിജോയ് ചിറയത്ത് എന്നിവര്‍ പ്രസംഗിച്ചു.