കാറളത്ത് വീടിന്റെ പൂട്ട് പൊളിച്ച് മോഷണം. പത്തുപവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു
ഇരിങ്ങാലക്കുട: പട്ടാപ്പകല്‍ വീടിന്റെ പൂട്ട് പൊളിച്ച് മോഷണം. കാറളം നന്തിയിലെ ഗെയില്‍ ഓഫീസിന് സമീപം താമസിക്കുന്ന പൊന്നാനി പ്രേമന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രേമന്റെ സഹോദരനെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. പ്രേമന്റെ ഭാര്യ ജോലിക്കും മക്കള്‍ സ്കൂളിലും പോയതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ നിന്നും വന്നപ്പോള്‍ വീടിന്റെ മുന്‍ഭാഗത്തെ പൂട്ട് തകര്‍ന്ന നിലയില്‍ കാണപ്പെട്ടു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. പത്തുപവന്‍ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അലമാരയിലെ വസ്ത്രങ്ങളും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വീടിന്റെ പിന്‍വാതില്‍ തുറന്നുകിടന്ന നിലയിലായിരുന്നു. മോഷ്ടാവ് ഇതുവഴിയായിരിക്കാം രക്ഷപ്പെട്ടതെന്ന് കരുതുന്നു. കാട്ടൂര്‍ സിഐ ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കൂടുതല്‍ വസ്തുക്കള്‍ മോഷണം പോയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.