കഷ്ടമാണ്, കര്‍ഷകന്റെ കാര്യം…… ഒരിടത്ത് കാട്ടുപന്നി…. മറ്റൊരിടത്ത് സാമൂഹ്യ വിരുദ്ധര്‍
പൊന്നു വിളയുടെ മണ്ണാണ് കോള്‍ പാടങ്ങളിലേത് …കര്‍ഷകന്റെ അധ്വാനമാണ് ഇവിടത്തെ വിളവ്. പ്രകൃതിയുടെ താളംതെറ്റിയുള്ള മഴ, കടുത്ത വേനല്‍ ഇവമൂലം പലപ്പോഴും കര്‍ഷകനെ നിരാശനാക്കാറുണ്ട്. ഇതിനെ അതിജീവിച്ച് കൃത്യമായ ഇടവേളകളില്‍ വെള്ളം ലഭ്യമാക്കി നൂറുമേനി വിളയിക്കാന്‍ ശ്രമിക്കുമ്പോള്‍ ഏതെങ്കിലും തരത്തില്‍ സംഭവിക്കുന്ന കൃഷി നാശം കര്‍ഷകന്റെ കണ്ണീരാണ് വീഴുന്നത്
പടിയൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നിയുടെ ആക്രമണം തുടര്‍കഥയാകുന്നു, രാത്രിയില്‍ പന്തം കത്തിച്ചും പടക്കം പൊട്ടിച്ചും കര്‍ഷകര്‍
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം വരെ കപ്പ കൃഷിയും തെങ്ങിന് തൈകളുമാണ് നശിപ്പിച്ചതെങ്കില്‍ രണ്ടു ദിവസമായി നെല്‍ കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമായതോടെ ഭയത്തിലാണ് പടിയൂര്‍ മേഖലയിലെ കര്‍ഷകര്‍. കിഴക്കേ പോത്താനി പാടശേഖരത്തിലെ നെല്‍ കൃഷിയിടങ്ങളിലാണ് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമായത്.
കുന്നത്ത്പറമ്പില്‍ വീട്ടില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കൊയ്യാന്‍ പാകത്തിലായ നെല്‍കൃഷിയാണ് നശിപ്പിച്ചിരിക്കുന്നത്. കാട്ടുപന്നിയുടെ ആക്രമണത്തോടെ ദുരിതത്തിലായിരിക്കുകയാണ് കര്‍ഷകര്‍. പാടശേഖരത്തിനോട് ചേര്‍ന്നുള്ള മാരാത്ത് വീട്ടില്‍ സുധിയുടെ പറമ്പിലെ മത്തകൃഷിയും പൊട്ടുവെള്ളരികൃഷിയും നശിപ്പിച്ചിട്ടുണ്ട്.
രാത്രിയില്‍ തീപന്തം കത്തിച്ചും പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും കാട്ടുപന്നികളെ തുരത്താനുള്ള ശ്രമം കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയിരുന്നു. നെല്‍കൃഷി നശിച്ച പാടശേഖരങ്ങളില്‍ പടിയൂര്‍ പഞ്ചായത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ കെ.കെ. മായ, വി.എസ് സുകന്യ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പറമ്പിലും പാടശേഖരത്തിലും കാട്ടുപന്നിയുടെ കാല്പാടുകളുണ്ട്. കുറച്ച് ദിവസം മുമ്പ് കാട്ടുപന്നിയെ നേരിട്ട് നാട്ടുക്കാര് കണ്ടിരുന്നു.
സന്തോഷ് ഉച്ചക്ക് ജംഗ്ഷനില്‍ വന്ന് തിരികെ വീട്ടിലേക്കു പോകുമ്പോള്‍ കാട്ടുപന്നികള്‍ റോഡ് മുറിച്ചു കടക്കുന്നതായാണ് കണ്ടത്. ജനവാസ കേന്ദ്രമായിട്ടും കാട്ടുപന്നികള്‍ ഇവിടെ എത്തിചേര്‍ന്നത് എങ്ങിനെയാണെന്ന ആശങ്കയിലാണ്. മലയോര മേഖലയില്‍ നിന്നും തടിയും മറ്റു സാധനങ്ങളുമായി വരുന്ന ലോറികളില്‍ കുടുങ്ങിയതാകാം ഇവയെന്നാണ് സംശയിക്കുന്നത്.
ഉല്ലാസം നല്ലതാണ് പക്ഷേ അത് അതിര് കടക്കരുത്.. കര്‍ഷകരുടെ അപേക്ഷ
മാനസീകോല്ലാസത്തിന് കൃഷിയിടങ്ങളിലിരുന്ന് മദ്യസേവ നടത്തുന്ന മാന്യ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്……കര്‍ഷകന്റെ ചേറിലെ വിയര്‍പ്പാണ് നിങ്ങളുടെ തീന്മേശയിലെ ചോറ്. മദ്യസേവ കഴിഞ്ഞ് കാലി കുപ്പികള്‍ കൃഷിയിടങ്ങളിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടി ചിതറിച്ച് അന്നം തരുന്ന കര്‍ഷകന്റെ പാദങ്ങളെ നോവിക്കാതിരിക്കുക.. കോന്തിപുലം പാടശേഖരത്തിനോട് ചേര്‍ന്ന് റോഡരില്‍ സ്ഥാപിച്ച് ഫഌക്സ് ബോര്‍ഡാണിത്.
റോഡിനിരുവശങ്ങളിലും പാടങ്ങള്‍ വരമ്പിടുന്ന ഇവിടെ സായാഹ്നം ചെലവഴിക്കാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. എന്നാല്‍ കൂട്ടം ചേര്‍ന്നെത്തുന്ന ചിലര്‍ പാടവരമ്പത്തും വാഹനങ്ങളിലും ഇരുന്നു മദ്യപിച്ച് ശേഷം കുപ്പികള്‍ പാടത്തേക്കു വലിച്ചെറിയുന്നതാണു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. പ്ലാസ്റ്റിക്ക് കവറുകളില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുകള്‍, വെള്ളക്കുപ്പികള്‍ തുടങ്ങിയവ പാടങ്ങളില്‍ പലയിടത്തും നിത്യകാഴ്ചകളായി മാറി.
വലിച്ചെറിയുന്ന ചില്ലു കുപ്പികള്‍ പൊട്ടി കിടക്കുന്നതു ഏറെ അപകടങ്ങള്‍ക്കു ഇടയാക്കുമെന്നു ആശങ്കയുണ്ട്. പാടങ്ങളില്‍ മത്സ്യം പിടിക്കാനും കൃഷി നടത്താനും ഇറങ്ങുന്നവരുടെ കാലുകളില്‍ പൊട്ടിയ ുപ്പികള് കയറാനുള്ള സാധ്യതയേറെയാണെന്നു നാട്ടുകാര്‍ പറഞ്ഞു. പാടങ്ങളിലേക്ക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുന്നതു തടയാന്‍ പഞ്ചായത്തിന്റെയും പോലീസിന്റെയും ഭാഗത്തു നിന്നു ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മാലിന്യ നിര്‍മാര്‍ജനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഇവിടെ സ്ഥാപിക്കണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പടുന്നത്. കര്‍ഷകര്‍ സഹികെട്ടപ്പോഴാണ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.