തോടിനു കുറുകെ പാലം നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടും പാലം നിര്‍മിക്കുവാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി
അഞ്ച് നിര്ധനവീട്ടുകാര് കളക്ടര്‍ക്ക് പരാതിനല്‍കി
ചേലൂര്‍: വീടുകളിലേക്കുപോകാന് തോടിനുകുറുകെ പാലം നിര്‍മിക്കാന്‍ അനുമതി കിട്ടിയിട്ടും പാലംനിര്മിക്കാന് കര്‍ഷകര്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് കുടുംബങ്ങള്‍ രംഗത്ത്. പൂമംഗലം – പടിയൂര്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ പൂമംഗലം ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ തേമാലിത്തറ പാടശേഖരത്തിലേക്കുപോകുന്ന തോടിനുസമീപം താമസിക്കുന്ന പട്ടികജാതിക്കാരടക്കം അഞ്ച് നിര്‍ധനകുടുംബങ്ങളാണ് പരാതിയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്. പുതിയപാലം നിര്‍മിക്കാനും റോഡിന്റെ അരികിടിഞ്ഞ ഭാഗം കരിങ്കല്‍കെട്ടി ബലപ്പെടുത്താനും പൂമംഗലം ഗ്രാമപ്പഞ്ചായത്ത് 13 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
എന്നാല്‍, ഇതുവരെയും നടപടികളായിട്ടില്ല. ഷൈജന്‍ കൂനമാവ്, ജോര്‍ജ് ചിറയത്ത്, തോമസ് കിളിയന്‍കോടന്‍, തോമസ് മൂഞ്ഞേലി, താര അരവിന്ദാക്ഷന് തേര്‍പുരക്കല്‍ എന്നീ വീട്ടുകാര്‍ക്കാണ് വീട്ടിലേക്കുകടക്കാന് തോടിനുകുറുകെ പാലം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. പ്രായമായവരും ഭിന്നശേഷിക്കാരും പഠിക്കുന്ന കുട്ടികളും വീടുകളിലുണ്ട്. സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്തതാണ് ഇതില്‍ ഒരു കുടുംബം. നിര്‍ധനരായ ഈ കുടുംബങ്ങള്‍ക്കാണ് നിലവിലുള്ള രണ്ടടി വീതിയുള്ള താത്കാലികപാലത്തിലൂടെ അപകടകരമായ രീതിയില്‍ സഞ്ചരിക്കേണ്ടിവരുന്നത്.
പള്ളി അധികൃതരുടെയും മറ്റും സഹായസഹകരണത്താലാണ് ഇവിടെയുള്ളവര്‍ വീടുപണി പൂര്‍ത്തീകരിച്ചത്. തോടിനുകുറുകെ മറ്റ് ഒമ്പതുപാലങ്ങള് ഉള്ളപ്പോഴാണ് ഈ നിര്‍ധനകുടുംബങ്ങള്‍ക്കുള്ള പാലം പണി തടയപ്പെടുത്തുന്നത്. തോടിന്റെ ബലക്ഷമുള്ള ഭാഗം കരിങ്കല്‍ഭിത്തികെട്ടി പണിതുയത്തിയ ശേഷമാണ് പാലം നിര്‍ത്തിക്കുക. ഷൈജന്റെ പിതാവിനു നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനു ഓട്ടോവരാന് ബുദ്ധിമുട്ടായതിനാല്‍ പിന്നീട് പിതാവിനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു.
പാലം പണിയുമ്പോള്‍ കൃഷിക്ക് വെള്ളം തടസമില്ലാതിരിക്കാന്‍ ഒന്നോ,രണ്ടോ അതിലധികമോ മോട്ടോര്‍വെച്ച് അടിച്ചുകൊടുക്കാന്‍ തയാറാണെങ്കിലും കര്‍ഷകര്‍ സമ്മതിക്കുന്നില്ലെന്ന് കുടുംബങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകണമെന്നാണ അവരുടെ ആവശ്യം. ജനുവരി മൂന്നിനു കാട്ടൂര്‍ പോലീസിലും ആറിന് തൃശൂര്‍ ജില്ലാ ഭരണകൂത്തിനു വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. സമീപത്തെ തേമാലിത്തറ പാടശേഖരത്തിലേക്ക് കൃഷിയാവശ്യത്തിനായി ഷണ്മുഖം കനാലില്‍നിന്ന് ഈ തോടുവഴിയാണ് വെള്ളമെത്തുന്നത്. പാലംപണി തുടങ്ങിയാല്‍ വെള്ളം തടസപ്പെടുത്തേണ്ടിവരുമ്പോള് കൃഷി ഉണങ്ങുമോ എന്ന പേടിയുള്ളതിനാലാണ് കര്‍ഷകര്‍ എതിര്‍ക്കുന്നതെന്നാണ് ഇവിടത്തെ വീട്ടുകാര്‍ പറയുന്നത്.
പാലംപണിക്ക് എതിരല്ലെന്ന് കര്‍ഷകര്‍
തോടിനുകുറുകെ പാലംപണിയുന്നതിനോ, റോഡിന്റെ അരികുകെട്ടുന്നതിനോ തങ്ങള്‍ എതിരല്ല. പാലം പണിയുന്നതിനായി ആരോടും കൂടിയാലോചിക്കാതെ രണ്ടാഴ്ച തോട് അടച്ചുകെട്ടിയിരുന്നു. ഇതുമൂലം ഞാറുനട്ട 80 ഏക്കറോളം വരുന്ന പാടം വിണ്ടുകീറി 30 ദിവസമായ ഞാറ് നശിക്കുമോയെന്ന ആശങ്കയുണ്ടായപ്പോഴാണ് എതിര്‍പ്പുയര്‍ത്തിയത്. കൃഷിയുണങ്ങുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പഞ്ചായത്ത് അധികാരികളുടെ നിര്‍ദേശപ്രകാരം അടച്ചുകെട്ടിയത് പൊട്ടിച്ചത്. തോടിന്റെ ഒരുവശംകെട്ടി മറുഭാഗത്തുകൂടെ വെള്ളം തടസമില്ലാതെവിട്ട് പണി നടത്തുന്നതിനോട് തങ്ങള്‍ക്കു എതിര്‍പ്പില്ല. വെള്ളക്കെട്ടുവരാന് സാധ്യതയുള്ള സ്ഥലമാതിനാല് പാലം ഉയര്‍ത്തി പണിയണം.
പാലംപണിയാന്‍ സാധിച്ചില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടും: കവിത സുരേഷ (പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
പാലംപണി ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയണ്. മാര്‍ച്ചിനു മുമ്പ് പാലം പണിയാന്‍ സാധിച്ചില്ലെങ്കില്‍ ഫണ്ട് നഷ്ടമാകും. പാലം നിര്മിച്ചുനല്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറേറ്റില്‍നിന്നു നിര്‍ദേശം വന്നിട്ടുണ്ട്. പാലംപണി നടത്താന്‍ കര്‍ഷകരടക്കമുള്ളവര്‍ സമവായത്തിലെത്തണം.