ലഹരിയുടെ മയക്കത്തില്‍ നഗരരാവുകള്‍, കഞ്ചാവുവേട്ട അരങ്ങുതകര്‍ക്കുന്നു. മറുവശത്ത് രഹസ്യവില്പന പൊടിപൊടിക്കുന്നു
ഇരിങ്ങാലക്കുട: നഗരത്തില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന തകൃതി. പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും കഞ്ചാവുവേട്ട അരങ്ങു തകര്‍ക്കുമ്പോഴാണ് കഞ്ചാവിന്റെ രഹസ്യവില്പന പൊടിപൊടിക്കുന്നത്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെ വലവീശാന്‍ പ്രത്യേക സംഘങ്ങളുണ്ട്. ഒറ്റനോട്ടത്തില്‍ മാന്യരെന്ന് കരുതാവുന്ന ഇവര്‍ കുട്ടികളുമായി ചങ്ങാത്തം കൂടും. ആദ്യം ചെറിയ തോതില്‍ മയക്കുമരുന്ന് കലര്‍ത്തിയ മിഠായി നല്‍കും. പിന്നീട് ഇവര്‍ ഇതു വാങ്ങാനുള്ള പണത്തിനായി ലഹരി കച്ചവടക്കാരാവുന്നു.
വീര്യം കൂടിയ മയക്കുമരുന്നുകള്‍, നേര്‍പ്പിച്ച പാനീയങ്ങള്‍, മിഠായികള്‍, പാന്‍ മസാലകള്‍, നിക്കോട്ടിന് അടങ്ങിയ ചൂയിംഗം, മാജിക് മഷ്റൂം, മൂക്കിലൂടെ വലിച്ചു കയറ്റുന്ന മിയാമിയ, മൈസൂര്‍ മാംഗോ, ഉറക്ക ഗുളികകള്‍, ചോക്ലേറ്റുകള്‍…. പല രൂപത്തിലും, ഭാവത്തിലും കോലത്തിലും ലഹരി ഉത്പന്നങ്ങള്‍ വിപണിയില്‍ സുലഭം. ഇപ്പോള്‍ മരുന്നിന്റെ രൂപത്തിലും. കുരുന്നു ബാല്യത്തെ കഞ്ചാവിനടിമകളാക്കുവാന് ലഹരിമാഫിയകള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ പലത്.
മിഠായിക്കുള്ളില്‍ വരെ ലഹരി ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. കൊച്ചു കുട്ടികളെ വലയിലാക്കുവാന്‍ സ്ട്രോബെറി ക്വിക്ക് എന്നറിയപ്പടുന്ന ഒരു തരം മരുന്ന് ലഭ്യമാണെന്നാണ് വിവരം. എന്നാല്‍ ഇതിന്റെ വിതരണക്കാരെ പോലീസിനോ എക്സൈസിനോ പിടികൂടാനായിട്ടില്ല. വിദ്യാര്‍ഥികളില്‍ ലഹരിയുടെ ഉപയോഗം തടയുന്നതിനായി പല പ്രഖ്യാപനങ്ങളും നടന്നിട്ടുണ്ടെങ്കിലും അവയൊന്നും നടപ്പിലായിട്ടില്ല.
ലഹരിമരുന്ന് തടയാന്‍ കോളജുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, 21 വയസില്‍ താഴെയുള്ളവര്‍ക്കായി താലൂക്കുകളില്‍ ലഹരി വിമുക്ത കേന്ദ്രം, സമൂഹമാധ്യമങ്ങളിലെ മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം നല്കാന് പോര്‍ട്ടല്‍, സ്കൂളുകളിലും കോളജുകളിലും പ്രിന്‍സിപ്പല്‍മാരടങ്ങിയ വിര്‍ച്വല്‍ പോലീസ്, എക്സൈസ് യൂണിറ്റ്, വിദ്യാര്‍ഥികളില്‍ ലഹരിയുപഭോഗം കണ്ടെത്താന്‍ കിറ്റുപയോഗിച്ച് പരിശോധന എന്നിവ ഇന്നും നടപ്പിലാകാത്ത പ്രഖ്യാപനങ്ങളാണ്.
അരുത് മക്കളെ, അരുത്….സ്കൂളിലെ പ്രധാനധ്യാപകന്റെ വാട്ട്സാപ്പ് സന്ദേശം
ഇരിങ്ങാലക്കുടയിലെ പ്രമുഖ സ്കൂളിലെ പ്രധാനധ്യാപകന്റെ വാട്ട്സാപ്പ് സന്ദേശം ലഭിച്ചതോടെ രക്ഷിതാക്കള്‍ ജാഗ്രതയിലാണ്. സന്ദേശം പ്രകാരമാണ്…….കുട്ടികളെ കുരുക്കാന്‍ പുതിയ മരുന്ന്…സ്ട്രോബെറി ക്വിക്ക് എന്നറിയപ്പെടുന്ന ഒരു പുതിയ മരുന്നാണിത്. സ്ട്രോബെറി പോപ്പ് റോക്കുകള്‍ പോലെ കാണപ്പെടുന്ന ഒരു തരം ക്രിസ്റ്റല്‍ മെത്ത് (നിങ്ങളുടെ വായില്‍ നിന്ന് ചീറ്റുകയും പൊട്ടുകയും ചെയ്യുന്ന മിഠായി) ചുറ്റിത്തിരിയുന്നുണ്ട്. ഇത് സ്ട്രോബെറിയുടെ മണമുള്ളതാണ്, സ്കൂള്‍ മുറ്റങ്ങളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നു. അവര്‍ ഇതിനെ സ്ട്രോബെറി മെത്ത് അല്ലെങ്കില്‍ സ്ട്രോബെറി ക്വിക്ക് എന്ന് വിളിക്കുന്നു.
ഇത് മിഠായിയാണെന്ന് കരുതി കുട്ടികള്‍ കഴിക്കുകയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഇത് ചോക്ലേറ്റ്, പീനട്ട് ബട്ടര്‍, കോള, ചെറി, മുന്തിരി, ഓറഞ്ച് എന്നീ നിറങ്ങളിലും ലഭ്യമാണ്. അപരിചിതരില്‍ നിന്ന് മിഠായി സ്വീകരിക്കരുതെന്നും ഒരു സുഹൃത്തില്‍ നിന്ന് (അത് മിഠായിയാണെന്ന് വിശ്വസിച്ചിരിക്കാം) ഇതുപോലെ തോന്നിക്കുന്ന മിഠായി സ്വീകരിക്കരുതെന്നും ഒരു അധ്യാപകന്റെയോ പ്രിന്‍സിപ്പലിന്റെയോ അടുത്തേക്ക് കൊണ്ടുപോകണം… ഇത് ഈ സന്ദേശം കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കണമെന്നും നിര്‍ദേശമുണ്ട്.
ഒഴിഞ്ഞയിടങ്ങള്‍ ഒളിത്താവളങ്ങള്‍, എത്തിനോക്കാതെ പോലീസും
വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് വാടകക്ക് വീട് എടുത്ത് താമസിക്കുന്നയിടങ്ങള്‍ ലഹരി കേന്ദ്രങ്ങളാകുന്നു. കുറച്ചു നാള് മുമ്പ് ഇത്തരം സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുകളുടെ പാക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. രാത്രിസമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും വന്നു കയറി വരാം എന്നുള്ളതാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രത്യേകത.
നഗരത്തിലെ പല ഒഴിഞ്ഞ വീടുകളും ഇടുങ്ങിയ കെട്ടിടങ്ങളും രാത്രികളിലും ഒഴിവു ദിവസങ്ങളിലും വിദ്യാര്‍ഥികളുടെ ലഹരി കേന്ദ്രങ്ങളാകുന്നതിനു പുറമേ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാകുന്നതായും സൂചനകളുണ്ട്. ജന്മദിനം തുടങ്ങിയ ആഘോഷങ്ങളും വിദ്യാര്‍ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടികളും പലതും നടക്കുന്നതും ഇത്തരം സ്ഥലങ്ങളിലാണെന്നതും ആശങ്ക വര്ധിപ്പിക്കുണ്ട്. പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യം ഉയര്‍ന്നീട്ടുണ്ട്.