ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതക ശ്രമത്തിലേക്ക്; തമിഴ്നാട് സ്വദേശി പ്രതി അറസ്റ്റില്‍
![](https://irinjalakuda.news/wp-content/uploads/2025/02/PRATHY-SUNDARAPANDYAN-1024x1281.jpeg)
സുന്ദരപാണ്ഡ്യന്‍.
ഇരിങ്ങാലക്കുട: ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പൂമംഗലം എടക്കുളത്തുകാരന്‍ സതീഷ് (45) നെ ആക്രമിച്ച കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. ദിണ്ഡിഗല്‍ കുമ്മം പെട്ടി സ്വദേശി സുന്ദരപാണ്ഡ്യന്‍ (30) നാണ് അറസ്റ്റിലായത്. ഫെബ്രുവരി നാലിനു രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട അവറാന് പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള സ്റ്റാര്‍ ബെന്‍സ് സ്പെയര്‍ പാര്‍ട്സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ചാണ് ആക്രമണം നടന്നത്.
തര്‍ക്കത്തിനിടെ നീ എന്നു വിളിച്ചതിന്റെ വിരോധത്തില്‍ സുന്ദരപാണ്ഡ്യന്‍ സതീഷിനെ തള്ളിയിട്ട ശേഷം വാഹനത്തിന്റെ ബ്രേക്കിന്റെ ലൈനര്‍ കൊണ്ട് തലയിലും മുഖത്തും അടിച്ചു. ഇതിന്റെ ഫലമായി സതീഷിന് ആഴത്തില്‍ മുറിവ് പറ്റി. ആക്രമണത്തിനിടെ വീണ്ടും തലക്ക് അടിക്കാന്‍ ശ്രമിക്കുമ്പോള്‍ സതീഷ് കൈകൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചതില്‍ സുന്ദരപാണ്ഡ്യന്‍ സതീഷിന്റെ തള്ളവിരലില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുന്ദരപാണ്ഡ്യനെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ക്ലീറ്റസ്, ദിനേശ്, പോലീസ് ഓഫീസര്‍മാരായ സനീഷ്, രഞ്ജിത്ത്, കൃഷ്ണദാസ് എന്നിവരാണ് ഉണ്ടായിരുന്നത്. സുന്ദരപാണ്ഡ്യനെ കോടതിയില്‍ ഹാജരാക്കി തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി.