ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണ് ഗതാഗതം സ്തംഭനം
![](https://irinjalakuda.news/wp-content/uploads/2025/02/POST1856-1024x457.jpg)
എടത്തിരിഞ്ഞി ചെട്ടിയാല്‍ ജംഗ്ഷനില്‍ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു തൂങ്ങിയ നിലയില്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട- മൂന്നുപീടിക സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു. പടിയൂര്‍ പഞ്ചായത്തില്‍ ചെട്ടിയാല്‍ സെന്ററില്‍ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് ചെരിഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗത സ്തംഭിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ഇതുവഴി കടന്നു പോയ തടി കയറ്റിയ ലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇലക്ട്രിക് പോസറ്റിലിടിച്ച വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. റോഡിലേക്ക് ഒടിഞ്ഞ് തൂങ്ങിയ ഇലക്ട്രിക് പോസ്റ്റ് ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
ഈ മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഈ റൂട്ടില്‍ ചെറുവാഹനങ്ങള്‍ക്ക് മാത്രമേ കടന്നു പോകുവാന്‍ സാധിക്കുകയുള്ളൂ. സംഭവത്തെ തുടര്‍ന്ന് ടോറസ് തുടങ്ങിയ വാഹനങ്ങള്‍ ഒന്നര കിലോമീറ്ററോളം ദൂരം വഴിയില്‍ കുടുങ്ങി കിടക്കുകയാണ്. കാക്കാത്തിരുത്തി ഭാഗത്തുനിന്നും വരുന്ന ബസുകള്‍ ചെട്ടിയാല്‍ സെന്ററില്‍ യാത്രക്കാരെ ഇറക്കി തിരിച്ചു പോകുകയാണ്. ഇരിങ്ങാലക്കുട ഭാഗത്തുനിന്നും വരുന്ന ബസുകളും പോസ്റ്റാഫീസിനു സമീപം ആളുകളെ ഇറക്കി തിരിച്ചു വരുകയാണ്. രാവിലെ ഓഫീസിലെത്തേണ്ട ജീവനക്കാരും മറ്റ് ആവശ്യങ്ങള്‍ക്കായി ഇറങ്ങിയ യാത്രക്കാരും വിദ്യാര്ഥികതളും വലിയ ദുരിതത്തിലാണ്.