വിനോദമായി മാത്രം കാണേണ്ട ഒന്നല്ല സിനിമ; തൃശൂര്‍ ജില്ലാ സബ് കളക്ടര്‍ അഖില്‍ വി. മേനോന് ഐഎഎസ്

ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം തൃശൂര്‍ ജില്ലാ സബ് കളക്ടര്‍ അഖില്‍ വി. മേനോന് ഐഎഎസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വിനോദമായി മാത്രം കാണേണ്ട ഒന്നല്ല സിനിമയെന്ന് തൃശൂര്‍ ജില്ലാ സബ് കളക്ടര്‍ അഖില്‍ വി. മേനോന് ഐഎഎസ്. വായന പോലെ തന്നെ കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നുളളത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ട് മുതല്‍ 14 വരെയായി ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലാസിക്കുകള്‍ കാണാനും ആസ്വാദനമൂല്യത്തെ ഉയര്‍ത്തുന്ന സിനിമകള്‍ കാണാനുമുള്ള അവസരങ്ങളാണ് ചലച്ചിത്രമേളകള്‍ വഴി സൃഷ്ടിക്കപ്പെടുന്നതെന്നും ജില്ലാ സബ് കളക്ടര്‍ ചൂണ്ടിക്കാട്ടി. റോട്ടറി ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ ബാലന് അമ്പാടത്ത് ആദ്യ പാസ്സ് എറ്റുവാങ്ങി. ഡെലിഗേറ്റ് ബാഗിന്റെ വിതരണോദ്ഘാടനം സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രതിനിധി ആഞ്ജലീന് നല്കി കൊണ്ട് ഐടി വിദഗ്ധന്‍ ജീസ് ലാസര്‍ നിര്‍വഹിച്ചു. സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി നവീന്‍ ഭഗീരഥന് നന്ദിയും പറഞ്ഞു.