കൂടല്‍മാണിക്യം ക്ഷേത്രോത്സവം; കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രം, ഇന്ന് ആദ്യ ശീവേലി

ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കൊടിപ്പുറത്ത് വിളക്കിനായി ഭഗവാന്റെ തിടമ്പ് മേഘാര്ജുനന്റെ ശിരസിലേറ്റുന്നു.
ഭഗവാന്റെ സ്വന്തം ആനയായ മേഘാര്ജുനന് തിടമ്പേറ്റി
ഇരിങ്ങാലക്കുട: സംഗമപുരിക്ക് ആവേശം പകര്‍ന്ന് കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രമായി. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ശ്രീകോവിലില്‍ നിന്നും ഭഗവാന് ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ദര്‍ശിക്കാന്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്കുശേഷം ദേവനെ ശ്രീകോവിലില്‍ നിന്നും തിടമ്പിലേയ്ക്ക് ആവാഹിച്ച് പാണികൊട്ടി പുറത്തേയ്ക്ക് എഴുന്നള്ളിച്ചു.
തുടര്‍ന്ന് ഭഗവാന്റെ സ്വന്തം ആനയായ മേഘാര്ജുനന് തിടമ്പേറ്റി. ഈശ്വര ചൈതന്യത്തെ തിടമ്പിലാവാഹിച്ച് ഭഗവാന് പുറത്തേക്കെഴുന്നള്ളിയപ്പോള് ക്ഷേത്രാങ്കണത്തില്‍ നിറഞ്ഞുനിന്ന ആയിരകണക്കിനു ഭക്തരുടെ കണ്ഠങ്ങളില്‍ സംഗമേശ്വരമന്ത്രങ്ങളുയര്ന്നു. ദേവന് ആചാരപ്രകാരമുള്ള പ്രദക്ഷിണം പൂര്‍ത്തിയാക്കി. വിളക്കാചാരം, കേളി, പറ്റ് തുടങ്ങിയവക്കുശേഷം പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കെ നടപ്പുരയിലെത്തിയപ്പോഴേക്കും സ്വര്‍ണത്തിലും വെള്ളിയിലും നെറ്റിപ്പട്ടങ്ങള്‍ അണിഞ്ഞ് മറ്റു ഗജവീരന്മാര് വിളക്കെഴുന്നള്ളിപ്പിന് സജ്ജരായികഴിഞ്ഞിരുന്നു.

17 ആനകളാണ് വിളക്കെഴുന്നള്ളിപ്പില്‍ അണിനിരന്നത്. ആദ്യവിളക്കിന് തുടക്കം കുറിച്ചുകൊണ്ടു നടന്ന പഞ്ചാരിമേളവും ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്നു. വിളക്കിനോടനുബന്ധിച്ച് ഇന്നലെ രാവിലെ മണ്ഡപനമസ്കാരം ചെയ്ത് ശുദ്ധീകരിച്ച സ്ഥലത്ത് പത്മമിട്ട് ബ്രഹ്മകലശപൂജ, പരികലശപൂജകള്‍, കുംഭേശകര്‍ക്കരി പൂജ, അധിവാസഹോമം എന്നിവയും നടന്നു.
പഞ്ചാരി പടിഞ്ഞാറെ നടക്കല്‍ അവസാനിച്ച് തുടര്‍ന്ന് ചെമ്പട കൊട്ടി കിഴക്കേ നടക്കല്‍ കലാശിച്ച് മൂന്ന് പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി അകത്തേക്കെഴുന്നള്ളിച്ചതോടെ കൊടിപ്പുറത്ത് വിളക്കാഘോഷത്തിന് സമാപ്തിയായി. മൂര്‍ക്കനാട് ദിനേശന് വാരിയര്‍ പഞ്ചാരിമേളത്തിന് പ്രമാണം വഹിച്ചു. ഇന്ന് നടക്കുന്ന ആദ്യ ശീവേലി എഴുന്നള്ളിപ്പിന് പാറമേക്കാവ് കാശിനാഥന് തിടമ്പേറ്റും. പകല്‍ ശീവേലിക്കും രാത്രി വിളക്കിനും രാജീവ് വാരിയര്‍ പ്രമാണം വഹിക്കും.
സംഗമപുരിയില്‍ ക്ഷേത്രകലകള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: ക്ഷേത്രകകളുടെ സംഗമഭൂമിയാക്കിക്കൊണ്ട് ഇരിങ്ങാലക്കുട ഉത്സവത്തെ വര്ണശബളമാക്കുവാന് കൊടിപ്പുറത്ത് വിളക്കാഘോഷ ദിവസം തന്നെ വിവിധ ക്ഷേത്രകലാപരിപാടികള്‍ അരങ്ങേറി തുടങ്ങി. അമ്മന്നൂര്‍ ചാക്യാന്മാര്ക്ക് അടിയന്തിരാവകാശമുള്ള കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ഉത്സവത്തിന് ഒമ്പതു ദിവസവും കൂത്തും നങ്ങ്യാര്‍കൂത്തും അരങ്ങേറും. ക്ഷേത്രത്തിന് കിഴക്കേ നടപ്പുരയില്‍ സന്ധ്യക്ക് 7.30ന് നാദസ്വരം പ്രകടനവും കൂത്തമ്പലത്തിന് വടക്ക് സന്ധ്യാവേലപ്പന്തലില്‍ മദ്ദളപ്പറ്റ്, കുഴല്‍പ്പറ്റ്, കൊമ്പുപറ്റ് എന്നിവയും അരങ്ങേറും.
പടിഞ്ഞാറേ നടപ്പുരയില്‍ വൈകീട്ട് ആറിന് വടക്ക് കിഴക്ക് ഭാഗത്തായി പാഠകം ആരംഭിക്കും. കത്തിച്ചുവെച്ച മാടമ്പിവിളക്കിനു മുമ്പില്‍ വന്ന് കിരീടമണിഞ്ഞ് പുരാണകഥ ഭക്തിനിര്ഭരമായിട്ടാണ് പാഠകത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. നാരായണന് നമ്പ്യാര്‍ ആണ് പാഠകക്കാരന്‍. മാതൃക്കല്‍ ബലിക്ക് വളരെ മുമ്പായി പടിഞ്ഞാറേ നടപ്പുരയില്‍ കുറത്തിയാട്ടം അരങ്ങേറും. ശിവപാര്‍വ്വതിമാര്‍ കുറവനും കുറത്തിയുമായി മാറുന്ന കഥയാണ് കുറത്തിയാട്ടത്തില്‍ അവതരിപ്പിക്കുന്നത്. പാഠകവും കുറത്തിയാട്ടവും ഒമ്പത് ദിനങ്ങളിലും ഉണ്ടാകും.
ശീവേലിക്കു ശേഷം കിഴക്കേ നടപുരയില്‍ ഓട്ടനതുള്ളലും വൈകീട്ട് 6.30 ന് പടിഞ്ഞാറേ നടപ്പുരയില്‍ കുറത്തിയാട്ടവും അരങ്ങേറും. ഓട്ടന്‍തുള്ളലിനും കുറത്തിയാട്ടത്തിനും കേരള ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവ് രാജീവ് വെങ്കിടങ്ങ് നേതൃത്വം നല്‍കും. വൈകീട്ട് 4.30ന് സന്ധ്യാവേലപ്പന്തലില്‍ കെ.പി. പ്രജീഷിന്റെ നേതൃത്വത്തില്‍ സോപാന സംഗീതവും 6.30ന് കെ.എം. ദേവദാസന്റെ നേതൃത്വത്തില്‍ നാദസ്വരവും അരങ്ങേറും.
കളിവിളക്ക് ഇന്നു തെളിയും; സംഗമപുരിയിലെ കഥകളി പ്രേമികള്‍ക്ക് ഇനി ഉറക്കമില്ലാരാവുകള്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്പെഷ്യല്‍ പന്തലില്‍ ഏഴുദിവസത്തെ കഥകളിക്ക് ഇന്ന് തുടക്കമാവും. സംഗമപുരിയിലെത്തുന്ന കഥകളി പ്രേമികള്‍ക്ക് ഇനി ഉറക്കമില്ലാരാവുകളാണ്. കൂടല്‍മാണിക്യ ക്ഷേത്രോത്സവം കഥകളി പ്രേമികളുടെ ഉത്സവം കൂടിയാണ്. ഇനിയുള്ള ഏഴു രാത്രികള്‍ പ്രഗത്ഭരായ കലാകാരന്മാര് അണിനിരക്കുന്ന കഥകളിയാണു അരങ്ങേറുന്നത്. വിളക്കിനുശേഷം രാത്രി 12 മുതല്‍ പുലര്‍ച്ചെവരെ നീളുന്ന ഏഴുദിവസത്തെ കഥകളി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ പ്രത്യേകതയാണ്.
ലവണാസുരവധം, കിരാതം, രുഗ്മാംഗദചരിതം, പ്രഹഌദചരിതം, നളചരിതം ഒന്നാം ദിവസം, ബകവധം, ഉഷ, ചിത്രലേഖ (ബാണയുദ്ധം) ദുര്യോധന വധം, മാര്‍ക്കണ്ഡേയചരിതം, ദക്ഷയാഗം, സന്താനഗോപാലം, നരകാസുരവധം, ശ്രീരാമ പട്ടാഭിഷേകം എന്നിവയാണു ഈ വര്‍ഷം അവതരിപ്പിക്കുന്ന കഥകള്‍. ആദ്യത്തെ ആറുദിവസം കഥ ഏതായാലും വലിയവിളക്കു ദിവസം ശ്രീരാമപട്ടാഭിഷേകം അവതരിപ്പിക്കുന്നത് നൂറിലധികം വര്‍ഷമായി നിലനില്‍ക്കുന്ന നിഷ്ഠയാണ്.
കലാനിലയം രാഘവന്, ഡോ. സദനം കൃഷ്ണന്‍കുട്ടി, കലാമണ്ഡലം ബാലസുബ്രഹ്മണ്യം, കലാനിലയം ബാലകൃഷ്ണന്, സദനം മണികണ്ഠന്, കലാനിലയം മധുമോഹന്, പീശപ്പിള്ളി രാജീവ്, തൃപ്പയ്യ പീതാംബരന്, കലാമണ്ഡലം ഹരിനാരായണന്, കലാനിയം അരവിന്ദന്, ഗിരിജാ വാര്യര്‍, എന്‍. ഗീത, രഞ്ജിനി സുരേഷ്, ജയന്തി ദേവരാജ്, സര്‍വതോഭദ്രം ലിന്‍സി രമേഷ്, സര്‍വതോഭദ്രം ആര്യ, സര്‍വതോഭദ്രം തെന്നല്‍, ആര്‍എല്‍വി പ്രമോദ്, സര്‍വതോഭദ്രം നന്ദന, സര്‍വതോഭദ്രം ഹരിക, സര്‍വതോഭദ്രം ഗഹന, സര്‍വതോഭദ്രം ദ്രുപദ്, സര്‍വതോഭദ്രം അനന്യ, സര്‍വതോഭദ്രം അഞ്ചല്‍, സര്‍വതോഭദ്രം ആദി, സര്‍വതോഭദ്രം സാന്ദ്ര, സര്‍വതോഭദ്രം സൂര്യതേജ്, ഡോ. കെ.ആര്. രാജീവ്, ഇ.കെ. വിനോദ് വാരിയര്‍, കൃഷ്ണനുണ്ണി, ഹരികൃഷ്ണന് ഗോപിനാഥന്, വാസുദേവ് തമ്പാന്, യദൃകൃഷ്ണന് ഗോപിനാഥന്, സര്‍വതോഭദ്രം സ്പര്‍ശന, കലാനിലയം ഗോപി എന്നിവരാണ് വേഷമിടുന്നത്.
കൂടല്‍മാണിക്യത്തില്‍ ഇന്ന്
രണ്ടാം ഉത്സവം
(സ്പെഷല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 4.45വരെ തിരുവാതിരക്കളി, 4.45 മുതല്‍ 5.10 വരെ എടതിരിഞ്ഞി അമൃതവര്‍ഷിണി സംഗീതവിദ്യാലയത്തിന്റെ കീര്‍ത്തനാലാപനം, 5.15 മുതല്‍ 5.45 വരെ ഗുരുവായൂര്‍ ഷണ്മുഖന് തെച്ചിയിലും സംഘവും അവതരിപ്പിക്കുന്ന വില്ലിന്മേല് തായമ്പക, 5.50 മുതല്‍ 6.30 വരെ നൃത്തനൃത്യങ്ങള്‍, 6.30 മുതല്‍ 7.30 വരെ തൃശൂര്‍ പാര്‍വ്വണ നാട്യഗാനസഭയുടെ ഭരതനാട്യം, 7.35 മുതല്‍ 7.50 വരെ ശില്പ അജിത്കുമാറിന്റെ കഥക്, 7.55 മുതല്‍ 8.55 വരെ ഭരതനാട്യം, ഒമ്പത് മുതല്‍ 10 വരെ ഭരതനാട്യം
(സംഗമം വേദിയില്‍)
രാവിലെ 8.30 ന് ശീവേലിക്കും രാത്രി 9.30ന് വിളക്കിനും രാജീവ് വാരിയര്‍ പ്രമാണം വഹിക്കും. ഉച്ചതിരിഞ്ഞ് ഒരു മണി മുതല്‍ 2.35 വരെ തിരുവാതിരക്കളി, 2.40 മുതല്‍ 3.35 വരെ സംഗീതസഭ, 3.40 മുതല്‍ 4.35 വരെ മോഹിനിയാട്ടം, 4.40 മുതല്‍ 5.35 വരെ സംഗീതകച്ചേരി, 5.40 മുതല്‍ 6.50 രെ സോപാനമാലിക, 6.55 മുതല്‍ 7.50 വരെ കലാമണ്ഡലം നിമ്മിയുടെ മോഹിനിയാട്ടം, 7.55 മുതല്‍ 8.55 വരെ പത്മശ്രീ കെ.കെ. രാമചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവകൂത്ത്, ഒമ്പത് മുതല്‍ 10 വരെ ഉമാ മനോന്റ മോഹിനിയാട്ടം. രാത്രി 12ന് സര്‍വ്വതോഭദ്രം കലാകേന്ദ്രത്തിന്റെ കഥകളി ലവണാസുരവധം, കിരാതം.
