ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം; മുകുന്ദപുരം താലൂക്ക് വികസന സമിതിയില്‍ പ്രമേയം പാസാക്കി

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ അമൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക വല്കരിക്കണമെന്നാവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് വികസന സമിതിയില്‍ പ്രമേയം അവതരിപ്പിച്ചു. മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ച യോഗത്തിലാണ് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പ്രമേയം അവതരിപ്പിച്ചത്. ബുള്ളറ്റ് ട്രെയിനുകളുടെ കാലത്ത് നിന്ന് കല്‍ക്കരി ട്രെയിനുകളുടെ കാലത്തേക്ക് പിന്നോട്ടടിക്കുന്നതുപോലെയാണ് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും അതിനു പരിഹാരം ഉണ്ടാകണമെന്നും പ്രമേയത്തില്‍ ചൂണ്ടികാണിക്കുന്നുണ്ട്. സൗത്ത് റെയില്‍വേ സോണിലെ തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴിലുള്ള ഈ റെയില്‍വേ സ്റ്റേഷനില്‍ ഒരു വര്‍ഷം ഏകദേശം 20 ലക്ഷത്തിലധികം യാത്രക്കാരും ഏഴ് കോടിയിലധികം വരുമാനവും ഉണ്ട്.
ഇരിങ്ങാലക്കുട, കയ്പമംഗലം, നാട്ടിക, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളിലെ ലക്ഷകണക്കിന് ജനങ്ങള്‍ക്ക് ട്രെയിന്‍ യാത്രക്കായി ആശ്രയിക്കുന്നത് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെയാണ്. എന്നാല്‍ കടുത്ത അവഗണനയാണ് റെയില്‍വേ അധികാരികളില്‍ നിന്നും ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് ഏറ്റുവാങ്ങുന്നത്. ഇരിങ്ങാലക്കുടയേക്കാള്‍ കുറവ് ക്യാച്ച്മെന്റ് ഏരിയായും കുറവ് യാത്രക്കാരും കുറവ് വരുമാനമുള്ള മറ്റ് പല റെയില്‍വേ സ്റ്റേഷനുകളും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുകയും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തപ്പോള്‍ വൃത്തിയുള്ള ശുചിമുറിയോ വിശ്രമമുറിയോ യാത്രികരെ ഉള്‍ക്കൊള്ളാവുന്ന മഴയും വെയിലും കൊള്ളാതെ ആവശ്യത്തിന് ഇരിപ്പിടം കൂടി ഇല്ലാതെ നിലവിലുള്ള ട്രെയിനുകളുടെ സ്റ്റോപ്പുകളും എടുത്ത് കളഞ്ഞ് അവഗണനയുടെ പടു കുഴിയിലേക്ക് തള്ളി വിടുകയാണ് റെയില്‍വേ അധികൃതര്‍ ചെയ്യുന്നതെന്ന് പ്രമേയത്തില്‍ പരാമര്ച്ചീട്ടുണ്ട്.
കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക, കൂടുതല്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, ഇരിങ്ങാലക്കുട സ്റ്റേഷനെ അമ്യത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, രണ്ട് പ്ലാറ്റ് ഫോമിലും ശുചിമുറികള്‍ സ്ഥാപിക്കുക, ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ശുചിമുറി നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക, രണ്ട് പ്ലാറ്റ് ഫോമിലുംമേല്കൂര പണിയുക, ആവശ്യമായ ഇരിപ്പിടങ്ങള്‍ ഉറപ്പാക്കുക, രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമിലും ഭക്ഷണശാല അനുവദിക്കുക, രണ്ട് പ്ലാറ്റ് ഫോമിലും ആവശ്യമായ വെളിച്ചം ഏര്‍പ്പെടുത്തുക, മേല്‍ക്കൂരയോട് കൂടി പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കുക, റെയില്‍വേ സ്റ്റേഷനിലേക്കുള്ള സുഖമമായ പ്രവേശനം ഉറപ്പുവരുത്തുക,
വിശ്രമമുറിയുടെ പണി പൂര്‍ത്തീകരിച്ച് യാത്രക്കാര്‍ക്ക് തുറന്ന് കൊടുക്കുക, ഗ്രൂപ്പ് ബുക്കിംഗ് സൗകര്യം പുനഃസ്ഥാപിക്കുക, നെയിം ചെയിഞ്ചിനുള്ള സൗകര്യം ഉറപ്പാക്കുക, ഡ്യൂപ്ലിക്കേഷന്‍ ടിക്കറ്റ് ലഭിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കുക, പാഴ്സല്‍ ബുക്കിംഗ്് സര്‍വ്വീസ് പുനഃരാരംഭിക്കുക, ഗുഡ്സ് യാര്‍ഡ് പുനഃസ്ഥാപിക്കുക, ആധുനിക ഇന്‍ഫര്‍മേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുക, നേത്രാവധി, ഗോഹട്ടി, ചെന്നൈ മെയില്‍, അമൃത, മലബാര്‍ ഭാഗത്തേക്കുള്ള തിരുവന്തപുരം മംഗലാപുരം എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, ട്രെയിനുകളുടെ വേഗത ക്രമീകരിക്കുന്നതിനും സ്റ്റോപ്പുകള്‍ ലഭിക്കുന്നതിനും സഹായകരമായ രീതിയില്‍ റെയില്‍വേ ട്രാക്കും പ്ലാറ്റ്ഫോമും പുനര്‍ ക്രമീകരിക്കുക. തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
