പടിയൂരിലെ ഇരട്ട കൊലപാതകം, പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതം

മണി, രേഖ, പ്രേംകുമാര്‍.
മരണപ്പെട്ടത് അമ്മയും മകളും, പ്രതി മകളുടെ രണ്ടാം ഭര്‍ത്താവ് പ്രേംകുമാര്‍
കാമുകിക്കൊപ്പം ജീവിക്കുവാന്‍ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് പ്രേംകുമാര്‍
ഇരിങ്ങാലക്കുട: അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംനിവാസില്‍ പ്രേംകുമാര്‍ (45) നായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. പടിയൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം വാടക വീട്ടില്‍ താമസിക്കുന്ന കാറളം വെള്ളാനി സ്വദേശിനി കതവളപ്പില് വീട്ടില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുക്കാര് വിവരമറിയിച്ചതിനെ തുടര്‍ന്ന് പടിയൂരിലെ വീട്ടിലെത്തിയ മണിയുടെ മൂത്തമകള്‍ സിന്ധു പുറകില്‍ നിന്നും വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയപ്പോഴാണ് അമ്മയും സഹോദരിയും മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. കിടപ്പുമുറിക്കും അടുക്കളയ്ക്കും ഇടയിലുള്ള ഭാഗത്താണ് ഇരുവരും മരിച്ച് കിടന്നിരുന്നത്. സിന്ധുവിന് രണ്ട് ദിവസമായി അമ്മയെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കാട്ടൂര്‍ സിഐ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ അഞ്ച് മാസമായി ഇരുവരും പടിയൂരില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. മണി ഇരിങ്ങാലക്കുടയില്‍ വീട്ടുജോലികള്‍ക്ക് പോയിരുന്നു. സിന്ദു, സിജി, രേഖ എന്നിവരാണ് മണിയുടെ മക്കള്‍. മരണപ്പെട്ട രേഖക്ക് രണ്ട് മക്കളുണ്ട്. വീടിനുള്ളിലെ വസ്തുക്കള്‍ അലങ്കോലമായ നിലയിലാണ്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമാര്ട്ടതിനു ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്.
ഭീഷണി കത്ത് കുടുക്കി
മൃതദേഹങ്ങള്ക്കരില് നിന്നും ലഭിച്ച ഭീഷണി കത്ത് ഇരുവരുടെയും മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്താന്‍ പോലീസിനു നിര്‍ണായകമായി. ഈ കത്ത് പ്രേമംകുമാര്‍ എഴുതിയതായാണ് കരുതുന്നത്. രേഖയുടെ രണ്ടാം ഭര്‍ത്താവ് കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംനിവാസില്‍ പ്രേംകുമാര്‍ (45) രണ്ട് ദിവസം മുമ്പ് വരെ ഇവിടെ ഉണ്ടായിരുന്നു. ഇന്നലെ മുതല്‍ ഇയാളെ ബന്ധപ്പെടുവാന്‍ സാധിക്കുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രേഖ ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട വനിത സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തിങ്കളാഴ്ച ഇരുവരോടും കൗണ്സിലിംഗിനെത്താന് നിര്‍ദേശിച്ചിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്നും വീട്ടിലേക്കു മടങ്ങിയ ശേഷം അമ്മയെ ഫോണില്‍ ബന്ധപ്പെടുവാന്‍ സാധിച്ചിരുന്നില്ലെന്ന് സിന്ധു പറഞ്ഞു. സ്വയം ജീവനൊടുക്കിയതിന്റെ ലക്ഷണങ്ങള്‍ പോലീസിന് കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങള്‍ അഴുകിയ നിലയിരുന്നു. രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഫൊറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടു വന്നതിനു ശേഷമേ മരണ കാരണം വ്യക്തമാകൂ.
കാമുകിക്കൊപ്പം ജീവിക്കുവാന്‍ ആദ്യ ഭാര്യയെ കൊലപ്പെടുത്തി
കാമുകിക്കൊപ്പം ജീവിക്കുവാന്‍ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് പടിയൂരിലെ ഇരട്ട കൊലപാതക കേസിലെ പ്രതിയെന്നു കരുതുന്ന പ്രേംകുമാര്‍. ഭാര്യയായിരുന്ന വിദ്യയെ കാമുകിയുമായി ചേര്‍ന്നാണ് പ്രേംകുമാര്‍ 2019 ല്‍ കൊലപ്പെടുത്തുന്നത്. സംഭവത്തില്‍ പ്രതികളായ പ്രേംകുമാറും കാമുകിയും പഠിച്ചത് ഒരേ സ്കൂളില്‍. അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും ഇരുവഴിക്ക് പിരിഞ്ഞു. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ച് വിവാഹം ചെയ്ത വിദ്യയെ മൂന്ന് വര്‍ഷം മുന്‍പ് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വച്ച് കണ്ടു മുട്ടിയ സുഹൃത്തിനൊപ്പം ജീവിക്കാനാണ് പ്രേംകുമാര്‍ കൊലപ്പെടുത്തിയത്.
25 വര്‍ഷത്തിന് ശേഷം സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത് ഒരുമിച്ചു കൂടി. അവിടെ വച്ച് ഇരുവരും തമ്മില്‍ കണ്ടതോടെ വീണ്ടും പ്രണയം മൊട്ടിട്ടു. ഹൈദരാബാദില്‍ ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കും ഒപ്പം കഴിഞ്ഞിരുന്ന കാമുകി പ്രേംകുമാറിനൊപ്പം ജീവിക്കാനായി തിരുവനന്തപുരത്തേക്ക് താമസം മാറി. പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ഇരുവരും തമ്മില്‍ കണ്ടതോടെ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് തടസ്സം നില്ക്കുന്ന വിദ്യയെ കൊലപ്പെടുത്തുകയായിരുന്നു ഇരുവരും. വിദ്യ ഉള്ളപ്പോഴും കാമുകി വീട്ടില്‍ ഇടയ്ക്കിടെ വന്നിരുന്നതായി പ്രേംകുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. പിന്നീട് നടന്നത് ദ്യശ്യം മോഡല്‍ കൊലപാതകം.
കാമുകി ജീവിതത്തിലേക്ക് വന്നതോടെ വിദ്യയെ എങ്ങനെ എങ്കിലും ഒഴിവാക്കാന്‍ പ്രേംകുമാര്‍ തക്കം പാര്‍ത്തിരുന്നു. വിദ്യയ്ക്ക് മുമ്പ് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. കാമുകിയുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് വച്ച് വിദ്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാഹനത്തില്‍ കയറ്റി തിരുനെല്‍വേലിയില്‍ കൊണ്ടുപോയി പൊന്തക്കാട്ടില്‍ കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷമാണ് പ്രേംകുമാര്‍ ഉദയംപേരൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നല്കിയതും. മൃതദേഹം മുറിച്ച് കഷ്ണങ്ങളാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്തം ചീന്തിയപ്പോള്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
അന്വേഷണം ഊര്‍ജിതം
പടിയൂരിലെ ഇരട്ടകൊലപാതക കേസിലെ പ്രതിയെന്നു കരുതുന്ന പ്രേംകുമാറിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇയാള്‍ സംസ്ഥാനം വിടുവാനുള്ള സാധ്യതയുള്ളതായി സൂചനകളുണ്ട്. മൊബൈല്‍ ടവര്‍ ലോക്കോഷനുകള് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. പ്രേംകുമാറിന്റെ സ്വദേശമായ കേട്ടയത്തും ബന്ധുവീടുകളിലും സഹപാഠികളെയും കേന്ദ്രീകരിച്ചു പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇയാളെ സഹായിച്ചവരും അന്വേഷണ പരിധിയിലുണ്ട്. ഈ കേസില്‍ ജാമ്യത്തിലായിരുന്നു പ്രേംകുമാര്‍.
ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകവും നടത്തിയത്. യാതൊരു വിധത്തിലുള്ള തെളിവുകളും നല്‍കാതെയാണ് കൊലപാതകം നടന്നിരിക്കുന്നത്. കൊലപാതകം എങ്ങിനെ നടത്തിയന്ന് വ്യക്തമായിട്ടില്ല, മൃതദേഹത്തില്‍ യാതൊരു വിധ മുറിപ്പാടുകളില്ല. രണ്ടു പേരെയും ഒരുമിച്ച് എങ്ങിനെ കൊലപ്പെടുത്താനാകും എന്നുള്ളതും പരിശോധിക്കുന്നുണ്ട്. കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊന്നതാകാം എന്നാണ് കരുതുന്നത്. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രേഖയുടെ സ്വഭാവത്തിലെ അസ്വാഭാവികതയാണ് പ്രതിയെ ഇത്തരം കൃത്യത്തിന് മുതിരാന്‍ ഇടയാക്കിയതെന്നാണ് സൂചന.