കോട്ടപ്പുറം രൂപതാതലത്തില്‍ പള്ളിപ്പുറം മഞ്ഞുമാതാ ബസ്ലിക്ക ദേവാലയ ഹാളില്‍ ലോക സിഎല്‍സി ദിനാഘോഷം സംഘടിപ്പിച്ചു
കൊടുങ്ങല്ലൂര്‍: ആഗോള കത്തോലിക്കാ സഭയിലെ വലിയ അല്മായ പ്രസ്ഥാനമായ ക്രിസ്ത്യന്‍ ലൈഫ് കമ്യൂണിറ്റി സിഎല്‍സിയുടെ 459-ാം ജന്മദിനം ആഘോഷിച്ചു. കോട്ടപ്പുറം രൂപതാതലത്തില്‍ പള്ളിപ്പുറം മഞ്ഞുമാതാ ബസ്ലിക്ക ദേവാലയ ഹാളില്‍ സംഘടിപ്പിച്ച ആഘോഷം കോട്ടപ്പുറം രൂപതാ മെത്രാന് റവ. ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. രൂപതാ സിഎല്‍സി പ്രസിഡന്റ് ജോസി കോണത്ത് അധ്യക്ഷത വഹിച്ചു. രൂപതാ സിഎല്‍സി പ്രമോട്ടര്‍ ഫാ. ലിനു പുത്തന്‍ചക്കാലക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന സിഎല്‍സി പ്രസിഡന്റ് ഷോബി കെ. പോള്‍ മുഖ്യാതിഥിയായി. സന്യാസജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ബസ്ലിക്ക റെക്ടര്‍ ഫാ. ബെഞ്ചമിന്‍ ജൈജു ഇലഞ്ഞിക്കല്‍, സിസ്റ്റര്‍ നിരഞ്ജന, നാഷ്ണല്‍ സിഎസ്എസ് പ്രസിഡന്റ് ജോജോ മനക്കില്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ഷിബു കൃഷ്ണന് കോട്ട, ജിസ്മോന് ഫ്രാന്‍സിസ് എന്നിവരെ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവര്‍ക്കു പി.പി. ഫ്രാന്‍സിസ് സ്മാരക അവാര്‍ഡുകള്‍ നല്കി. കേന്ദ്രസമിതി പ്രസിഡന്റ് റോയ് മുനമ്പം, മതബോധന ഹെഡ്മാസ്റ്റര് സെബാസ്റ്റ്യന്‍ പള്ളിപ്പറമ്പില്‍, സിഎല്‍സി സംസ്ഥാന വൈസ് പ്രസിഡന്റ് ഷീലാ ജോയ്, സംസ്ഥാന ഓര്‍ഗനൈസര്‍ സജു തോമസ്, രൂപതാ ട്രഷറര്‍ ടോമി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. തിരുക്കുടുംബ ദേവാലയ വികാരി ഫാ. ബിജു പാലപറമ്പില്‍ പതാക ഉയര്‍ത്തി. രൂപതാ മോഡറേറ്റര്‍ സിസ്റ്റര്‍ മേരി അന്റോണിയോ സിഎല്‍സി ചരിത്രത്തെക്കുറിച്ച് ക്ലാസ് നയിച്ചു.