പതിവ് തെറ്റിയ്ക്കാതെ വോട്ട് ചോദിക്കാനിറങ്ങി ജേക്കബ് തോമസ്
ഇരിങ്ങാലക്കുട: പതിവ് തെറ്റിയ്ക്കാതെ വോട്ട് ചോദിക്കാനിറങ്ങി ജേക്കബ് തോമസ്. സ്ഥാനാര്‍ഥിയുടെ വാഹനം ആദ്യമെത്തിയത് പൊറത്തിശേരിയിലേയ്ക്കാണ്. പൊറത്താട്ടുകുന്ന്, വാതില്‍മാടം, ബോയിംഗ് കോളനി, ആനാട്ടുകടവ് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടു. കേട്ടറിഞ്ഞ ഐപിഎസുക്കാരനെ നേരിട്ട് കാണാന്‍ വോട്ടര്‍മാരിലും കൗതുകം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഇടയിലേക്കു പഴയ പോലീസ് മേധാവി ജനപ്രിയ വേഷത്തില്‍ ലാളിത്യത്തോടെ നടന്നുചെന്നപ്പോള്‍ എല്ലാവര്ക്കും ആശ്ചര്യം. ആശ്ലേഷിച്ചും തലയില്‍ കൈവെച്ച് അനുഗ്രഹിച്ചും വയോജനങ്ങളായ വോട്ടര്‍മാര്‍ ഒപ്പം കൂടി. പിന്നീട് മാടായിക്കോണം ഓട് ഫാക്ടറിയില്‍ തൊഴിലാളികള്‍ക്കടുത്ത് ചെന്നു. നര്‍മത്തോടെ വിശേഷങ്ങള്‍ ചോദിച്ചു. ഓട്ടുകമ്പനിയില്‍ നിന്നിറങ്ങി വിവിധ സ്ഥാപനങ്ങളിലും തൊഴില്‍ശാലകളിലും സന്ദര്‍ശനം നടത്തി. പ്രമുഖ വ്യക്തികളെയും സ്ഥാനാര്‍ഥി നേരില്‍ക്കണ്ടു. ഉച്ചതിരിഞ്ഞ് ആളൂര്‍ പഞ്ചായത്തില്‍ കല്ലേറ്റുംകര, താഴെക്കാട്, പറമ്പി റോഡ്, പാലപ്പെട്ടി, വെള്ളാഞ്ചിറ, പൊരുന്നംകുന്ന്, കനാല്‍പാലം, വിശ്വനാഥപുരം എന്നിവിടങ്ങളില്‍ നടത്തിയ ജനസഭകളില്‍ പങ്കെടുത്തു. കെ.സി. വേണു മാസ്റ്റര്‍, ഷാജുട്ടന്‍, ജോസഫ് പടമാടന്, സതീഷ് മാസ്റ്റര്‍, കവിത ബിജു, എ.വി. രാജേഷ്, സി.സി. മുരളി, പി.പി. സജിത്ത്, ടി.എസ്. സുനില്‍കുമാര്‍, എ. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.